മലപ്പുറം: സമൂഹത്തിലെ ജീർണതകൾ പാർട്ടി തിരസ്‌കരിക്കണമെന്ന് സിപിഎം പി.ബി അംഗം എ.വിജയരാഘവൻ. മലപ്പുറത്ത് മാധ്യമ പ്രവർത്തവരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിൽ പല ജീർണതകളുമുണ്ട് അതു പാർട്ടിയെ ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

തെറ്റ് തിരുത്തൽ പാർട്ടി പ്രവർത്തകർക്കുള്ള ജാഗ്രതപ്പെടുത്തലാണ്. തെറ്റായ പ്രവണതകൾ തിരുത്താനുള്ള പ്രക്രിയ എല്ലാ കാലത്തും പാർട്ടിയിൽ നടന്നിട്ടുണ്ട്. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതൃത്വത്തിൽ എത്തുമ്പോൾ ഈ പറഞ്ഞ പരിശോധന സമ്പ്രദായം കൂടും. ഉയർന്ന കമ്മിറ്റികളിൽ കൃത്യമായ പരിശോധനകളുഉണ്ട്. അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതി.

പൊതുസമൂഹത്തിന് മുന്നിൽ പാർട്ടി അംഗങ്ങൾക്ക് മികവാർന്ന വ്യക്തിത്വവും ഉന്നതമായ മൂല്യബോധവും സ്വീകാര്യതയും വേണം. അതെല്ലാം കാത്തുസൂക്ഷിച്ചാണ് കമ്മ്യൂണിസ്റ്റുകാർ മുന്നോട്ട് പോകേണ്ടത്. അതിന് കോട്ടം തട്ടിയാൽ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടുന്നതും തിരുത്തി മുന്നോട്ട് പോകുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതി. ഇത്തരം തിരുത്തൽ നിർദേശങ്ങൾ പാർട്ടി എല്ലാക്കാലത്തും നൽകാറുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത് തന്നെ നിരന്തര പരിശോധനാ സംവിധാനമാണെന്നും വിജയരാഘവൻ പറഞ്ഞു.