തിരുവനന്തപുരം: കവടിയാർ മാല കവർച്ചാ കേസിൽ ജയിലിൽ കഴിയുന്ന അനവധി ക്രിമിനൽ കേസുകളിലെ പ്രതി അരുൺ എന്ന വെള്ളിമൂങ്ങക്ക് പ്രൊഡക്ഷൻ വാറണ്ട്. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്. ജനുവരി 14 ന് പ്രതിയെ ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിനാണ് കോടതി വാറണ്ടയച്ചത്.

കള്ളിക്കാട് വില്ലേജിൽ തേവൻകോട് ചെറുവാളക്കോണം സ്വദേശിയാണ് പ്രതി. വിചാരണക്ക് കോടതിയിൽ ഹാജരാകാത്തതിന് മൂന്നു സാക്ഷികൾക്ക് മജിസ്‌ട്രേട്ട് ലെനികുരാകർ തോമസ് അറസ്റ്റ് വാറണ്ട് ഉത്തരവും പുറപ്പെടുവിച്ചു. സാക്ഷികളെ അറസ്റ്റ് ചെയ്യാൻ പൂജപ്പുര സർക്കിൾ ഇൻസ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.

2021 ജൂൺ 27 ന് രാത്രി 11.55 നാണ് സംഭവം നടന്നത്. കവഡിയാർ ചിത്തിര നഗർ റസിഡൻസ് വൈഷ്ണവം വീട്ടിൽ മോഹനകുമാരൻ നായരുടെ ഭാര്യ ഉഷാകുമാരി ( 50 ) യുടെ മാലയാണ് കവർച്ച ചെയ്തത്. ഉഷകുമാരിയും മകനും ടി വി കണ്ടു കൊണ്ടിരിക്കുമ്പോൾ പ്രതി തുറന്നിട്ടിരുന്ന മുൻവശം വാതിലിലൂടെ അതിക്രമിച്ച് അകത്തേക്ക് ഓടിക്കയറി ഉഷാകുമാരിയുടെ കഴുത്തിൽ കിടന്ന പവിത്രം മോഡലിലുള്ള 16 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാലയുടെ ഉദ്ദേശം 6 ഗ്രാം തൂക്കം വരുന്നതും 30,000 രൂപ വിലവരുന്നതുമായ ഒരു ഭാഗം വലിച്ച് പൊട്ടിച്ചെടുത്ത് പ്രതി മുൻവശം വാതിലിലൂടെ പുറത്തേക്ക് ഓടിപ്പോയി ശിക്ഷാർഹമായ കുറ്റങ്ങൾ ചെയ്തുവെന്നാണ് കേസ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 457 (,പതുങ്ങിയിരുന്നുള്ള ഭവന കൈയേറ്റം) , 392 (കവർച്ച) എന്നീ വകുപ്പുകളാണ് വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേൽ കോടതി ചുമത്തിയത്.