കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും വൻ എം.ഡി. എം. എ ശേഖരവുമായി കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റിലായി. കാസർകോട് ബദിയഡുക്ക സ്വദേശി മുഹമ്മദ് ഹാരിസി(24)ൽ നിന്നാണ് 204-ഗ്രാം എം.ഡി. എം. എ പിടികൂടിയത്. വെള്ളിയാഴ്‌ച്ച വൈകുന്നേരം നാലുമണിയോടെ എഗ്മോർ എക്സ് പ്രസിലാണ് ഇയാൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്.

രഹസ്യവിവരമനുസരിച്ച് ഇയാളെ ആർ. പി. എഫ് ഇൻസ്‌പെക്ടർ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കവെയാണ് ബാഗിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന എം. ഡി. എം. എ പായ്ക്കറ്റുകളിലായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ളൂരിൽ നിന്നും എം. ഡി. എം. എ വാങ്ങി കോയമ്പത്തൂർ വഴിയാണ് ഇയാൾ എഗ്മോറിൽ കണ്ണൂരിലെത്തിയത്.

കണ്ണൂർ റെയിൽവെ സ്റ്റേഷനിലിറങ്ങിയ ഇയാൾ ആർ. പി. എഫും എക്സൈസ് ഇന്റലിജൻസും നടത്തിയ സംയുക്ത പരിശോധനയിൽ കുടുങ്ങുകയായിരുന്നു. കണ്ണൂർ,കാസർകോട് ജില്ലകളിൽ വിൽപന നടത്താനായാണ് എം.ഡി. എം. എ കൊണ്ടുവന്നതെന്നാണ് സൂചന. പിടിയിലായ യുവാവ് മയക്കുമരുന്ന് സംഘത്തിന്റെ കണ്ണിയാണെന്നു സംശയിക്കുന്നതായി കണ്ണൂർ റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനുകൊയില്യത്ത് പറഞ്ഞു.

പിടിയിലായ ഹാരിസിൽ നിന്നും എ.ടി. എം കാർഡും, മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ബാംഗ്ളൂരിൽ നിന്നാണ് ഹാരിസ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളുണ്ടോയെന്നു അന്വേഷിച്ചുവരികയാണ്. മൊബൈൽ ഫോൺ പരിശോധിക്കുമെന്നും സിനുകൊയില്യത്ത് പറഞ്ഞു.

കണ്ണൂരിൽ ഹാരിസ് ഇറങ്ങിയത് എം. ഡി. എം. എ കൈമാറാനാണ് എത്തിയതെന്നും ആർ.പി. എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി പറഞ്ഞു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അടുത്തകാലത്തു നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം വടകര നാർക്കോട്ടിക്ക് കോടതിയിൽ ഹാജരാക്കുമെന്നും എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരും അറിയിച്ചു.