തിരുവനന്തപുരം: മായം കലർന്ന ചില്ലിചിക്കൻ വിറ്റ കേസിന്റെ വിചാരണ നടപടികൾ തുടങ്ങി. സാക്ഷിമൊഴി നൽകാൻ കോടതിയിൽ ഹാജരാകാത്ത നാലാം സാക്ഷി തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ശ്രീകുമാറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രന്റേതാണുത്തരവ്.

മായം കലർന്ന ചില്ലി ചിക്കൻ വിറ്റ കാസർഗോഡുകാരായ ഹോട്ടലുടമ അബ്ദുൾ ഖാദർ, ലൈസൻസി മാമുണ്ണി എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. സംസ്ഥാനത്തെ ആദ്യ ഷവർമ്മ മരണക്കേസിൽ പ്രതികളായ വഴുതക്കാട് സൽവ കഫേയുടെ വെള്ളയമ്പലത്തിലെ സാൽവ ഡൈൻ ഹോട്ടലിൽ മായം കലർന്ന ചില്ലി ചിക്കൻ വിറ്റെന്ന കേസിലാണ് വിചാരണ നടപടികൾ തുടങ്ങിയത്.

ഫുഡ് ഇൻസ്‌പെക്ടർ ഡി.ജയച്ചന്ദ്രൻ 2008 ൽ സമർപ്പിച്ച ഭക്ഷണത്തിൽ മായം ചേർക്കൽ സ്വകാര്യ അന്യായ കേസിലാണ് വിചാരണ തുടങ്ങിയത്. ആരോഗ്യത്തിന് ഹാനി വരുത്തുന്ന '' സിന്തറ്റിക് ഫുഡ് കളർ സൺ സെറ്റ് യെല്ലോ എഫ്.സി.എഫ് (കളർ ഇൻഡക്‌സ് 15895) ഉണ്ടെന്നും അതിനാൽ 1955 ലെ പ്രിവൻഷൻ ഓഫ് ഫുഡ് അഡൽറ്ററേഷൻ ചട്ടങ്ങളിലെ ചട്ടം 29 പ്രകാരം മായം കലർന്ന ഭക്ഷണമാണെന്ന റിപ്പോർട്ട് സമർപ്പിച്ചിരുന്നു.