കോഴിക്കോട്: എഴുത്തും വായനയുമുള്ളവരോടുള്ള പേടി കോൺഗ്രസിന്റെ സ്വഭാവമാണെന്ന് കെ.മുരളീധരൻ എംപി. അങ്ങനെയുള്ളവർ മുകളിൽ കയറി പോകുമോ എന്നാണ് പാർട്ടിയുടെ പേടിയെന്നും അദ്ദേഹം പറഞ്ഞു. കെ.കരുണാകരൻ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനഃസംഘടനയിൽ ഇടപെടില്ല. എന്നാൽ മാറ്റുന്ന ആളുകളേക്കാൾ പുതുതായി നിയമിക്കുന്ന ആളുകൾക്ക് കഴിവുണ്ടാകണം. ആര് മത്സരിക്കണമെന്ന് തീരുമാനിക്കാൻ സമയമുണ്ട്. മണ്ഡലം നന്നായി നോക്കലാണ് എംപിമാരുടെ ഇപ്പോഴത്തെ ചുമതല.

കേരളത്തിലെ കോൺഗ്രസിൽ നിന്ന് ആരും ബിജെപിയിലേയ്ക്ക് പോവില്ല. കെ. സുരേന്ദ്രനും വി. മുരളീധരനും ഉള്ള കാലത്തോളം ബിജെപി കേരളത്തിൽ രക്ഷപ്പെടില്ല. ശത്രുക്കളെ കണ്ടാൽ മനസിലാകും. മോദി ശത്രുപക്ഷത്താണ്. എന്നാൽ മിത്ര ഭാവമുള്ള ശത്രു പിണറായി കേന്ദ്രവുമായി യോജിച്ച് പ്രവർത്തിക്കുന്നു. ന്യൂനപക്ഷ വോട്ട് കിട്ടാൻ പിണറായി നുണ പറയുന്നുവെന്നും മുരളീധരൻ ആരോപിച്ചു.