തിരുവനന്തപുരം : ബി. എസ്. എൻ. എൽ ഇഞ്ചിനീയേഴ്സ് സഹകരണ സംഘം നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികളുടെ മുകൂർ ജാമ്യ ഹർജിയിൽ കോടതി ശനിയാഴ്ച വിധി പറയും. കേസിലെ ഒന്നാം പ്രതിയും സഹകരണ സംഘം പ്രസിഡന്റുമായിരുന്ന എ.ആർ. ഗോപിനാഥൻ നായർ ക്ലർക്ക് എ.ആർ.രാജീവ് എന്നിവരുടെ മുൻ കൂർ ജാമ്യ ഹർജികളാണ് ആറാം അഢീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണു പരിഗണിച്ചത്.

നിക്ഷേപ തട്ടിപ്പിൽ സെക്രട്ടറി അടക്കമുള്ള മറ്റുള്ളവരാണ് മുഖ്യ പ്രതികളെന്നും പ്രസിഡന്റിന് സാമ്പത്തിക ഇടപാടുകളുമായി ഒരു ബന്ധവും ഇല്ലെന്നും ഒന്നാം പ്രതിയുടെ അഭിഭാഷകൻ വാദിച്ചപ്പോൾ പ്രസിഡന്റ് എന്താ റബ്ബർ സ്റ്റാമ്പ് ആണോയെന്ന് കോടതി ചോദിച്ചു. പ്രസിഡന്റ് ആണ് കേസിലെ മുഖ്യ സൂത്രധാരൻ എന്നായിരുന്നു ജാമ്യത്തെ എതിർത്ത സർക്കാർ വാദം.

2000 നിക്ഷേപകരുടെ 200 കോടി രൂപ തട്ടിച്ച കേസ് പൊലീസ് ഏറെ ശുഷ്‌കാന്തിയോടെ അന്വേഷിച്ച് തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ ശ്രമിയക്കുമ്പോൾ അതിന് തുരങ്കം വയ്ക്കാനാണ് ചിലർ കേസിൽ കക്ഷി ചേരാൻ വരുന്നതെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. ഇത്തരക്കാരുടെ ഈ ശ്രമങ്ങളിൽ ദുരൂഹതയുണ്ടെന്നും അന്വേഷണ സംഘം ഇതു കൂടി അന്വേഷണ വിധേയമാക്കുമെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാൻ അനിവാര്യമാണെന്ന് കോടതിയെ അറിയിച്ചു.