ഇരിട്ടി: കണ്ണൂരിന്റെ മലയോരങ്ങളിൽ നിന്നും പുലി തമ്പടിക്കുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തുന്നു. ഇരിട്ടി പേരട്ടയിൽ ടാപ്പിങ് തൊഴിലാളിക്കു നേരെ ശനിയാഴ്‌ച്ച പുലർച്ചെ പുലിയുടെ അക്രമണമുണ്ടായതി. തലനാരിഴയ്ക്കാണ് പുലിയുടെ അക്രമത്തിൽ നിന്നും തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടത്. പേരട്ട ശാന്തിമുക്കിലെ മുച്ചിക്കോടൻ സുലൈമാനെതിരെ(47)യാണ് പുലി ചീറിയെടുത്തത്.

പുലിയുടെ മുൻപിൽപ്പെട്ട സുലൈമാൻ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതിനിടെ സുലൈമാന് വീണു പരുക്കേറ്റു. ശനിയാഴ്‌ച്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. സുലൈമാൻ ടാപ്പിങ് നടത്താനെത്തിയ റബർ തോട്ടത്തിലെത്തിയ പുലി കാട്ടുപന്നിയുടെ പിടികൂടുന്നതിനായി ഓടുകയായിരുന്നു. ഇതിനിടെയാണ് സുലൈമാനെ പുലി കണ്ടത്്. ഇതോടെ ഇയാളെ ലക്ഷ്യമിട്ടു നീങ്ങുകയായിരുന്നു. താൻ ബഹളം വെച്ചു ഓടിയതുകാരണം പുലി കാട്ടിലേക്ക് കയറിപോയെന്നാണ് സുലൈമാൻ പറയുന്നത്.

കർണാടക വനാതിർത്തി പ്രദേശമാണ് ഉളിക്കൽ പഞ്ചായത്തിൽപ്പെടുന്ന ശാന്തിമുക്ക്. ഈ പ്രദേശത്തേക്ക് ആദ്യമായാണ് പുലി എത്തുന്നത്. നേരത്തെ മട്ടന്നൂർ നഗരസഭയിലെ അയ്യലൂരിലും മുണ്ടയാംപറമ്പിലും പുലിയെ കണ്ടെത്തിയിരുന്നു. പിന്നീട് ഇതിനെ ഈ മേഖലയിൽ ഏറെക്കാലമായി കണ്ടിരുന്നില്ല. ഇതിനിടെയാണ് വീണ്ടും പേരട്ടയിൽ പുലിയെ കണ്ടെത്തിയത്. ആറളം ഫാമിൽ തമ്പടിച്ച കടുവ മാനന്തവാടിയിൽ പിടിയിലായത് ആശ്വാസം പകർന്നുവെങ്കിലും ജനവാസകേന്ദ്രത്തിലിറങ്ങിയ പുലി ഇപ്പോഴും കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ഭീതിപരത്തുകയാണ്.

പുലിഭീഷണി കാരണം കണ്ണൂർ ജില്ലയിലെ റബർ ടാപ്പിങ് തൊഴിലാളികൾ മാസങ്ങളായി ജോലി മുടങ്ങിയതുകാരണം പട്ടിണിയിലാണ്. റബറിനുണ്ടായ വിലക്കുറവും ഇതിനോടൊപ്പം പുലിഭീഷണിയും കാരണം മലയോര മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. പുലിയെ കൂടുവെച്ചു പിടിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.