ന്യൂഡൽഹി: കേരളത്തിലെ സർക്കാർ ജീവനക്കാർ അമ്പത്തിയാറ് വയസിൽ വിരമിക്കുമെന്ന് കേട്ട് ആശ്ചര്യപ്പെട്ട് സുപ്രീം കോടതി ജഡ്ജി അജയ് റസ്‌തോഗി. മറ്റൊരു സംസ്ഥാനത്തും 56 വയസിൽ വിരമിക്കേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് നീതിയുക്തമല്ലെന്നും ജസ്റ്റിസ് അജയ് റസ്‌തോഗി അഭിപ്രായപ്പെട്ടു. കുട്ടികൾ കോളേജിലെത്തുമ്പോൾ സർക്കാർ സർവീസിൽനിന്ന് വിരമിക്കുന്ന സാഹചര്യം ഉണ്ടാകും. കുട്ടികളുടെ പഠനം ഉൾപ്പടെയുള്ള കുടുംബപരമായ ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ വിരമിക്കേണ്ടിവരുന്നത് നീതിയുക്തമല്ലെന്നും ജസ്റ്റിസ് റസ്‌തോഗി അഭിപ്രായപ്പെട്ടു.

മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ പ്രൊഫെസ്സർ / അസ്സോസിയേറ്റ് പ്രൊഫസർ ആയി സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഡോ. ബോണി നടേശ് നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് അജയ് റസ്‌തോഗിയുടെ നിരീക്ഷണം. ജഡ്ജി ഇത് നീതിയുക്തമല്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ സീനിയർ അഭിഭാഷകൻ വി. ഗിരി ഇതിനെ ഘണ്ടിച്ചു. ഓരോ വർഷവും നിരവധി ചെറുപ്പക്കാരാണ് ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് തൊഴിലന്വേഷകരായി എത്തുന്നതെന്ന് വി. ഗിരി ചൂണ്ടിക്കാട്ടി. വിരമിക്കൽപ്രായം ഉയർത്തിയാൽ അവരുടെ തൊഴിൽസാധ്യതകൾ കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇതുരണ്ടും സന്തുലിതമായി സർക്കാർ കൊണ്ടുപോകണമെന്ന് ജസ്റ്റിസ് റസ്‌തോഗി അഭിപ്രായപ്പെട്ടു.

ബോണി നടേശനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് ആണ് കേരളത്തിലെ സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗവും അമ്പത്തിയാറ് വയസ്സിൽ വിരമിക്കുമെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടിയത്. ഇതാണ് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് അജയ് റസ്‌തോഗിയെ ആശ്ചര്യപ്പെടുത്തിയത്. മുമ്പ് ഇരുപത്തി മൂന്നാമത്തെ വയസിൽ വിവാഹം നടന്നിരുന്നു. എന്നാൽ ഇപ്പോൾ ഇരുപത്തിയേഴ്, ഇരുപത്തിയെട്ട് വയസാണ് ശരാശരി വിവാഹപ്രായമെന്ന് ജസ്റ്റിസ് റസ്‌തോഗി ചൂണ്ടിക്കാട്ടി.

കേരളത്തിൽ പെൻഷൻപ്രായം കൂട്ടണമെന്ന നിർദ്ദേശം വരുമ്പോഴൊക്കെ വിദ്യാർത്ഥി യുവജന സംഘടനകൾ അതിനെതിരെ പ്രതിഷേധമായി രംഗത്തെത്തുമെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സി. ടി. രവികുമാർ ചൂണ്ടിക്കാട്ടി. പെൻഷൻപ്രായം കൂട്ടണമെന്ന വിവിധ ഹർജികൾ സുപ്രീം കോടതി തള്ളിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെൻഷൻ പ്രായം ഉയർത്തുന്നത് നയപരമായ തീരുമാനമാണെന്നും അതിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും സീനിയർ അഭിഭാഷകൻ വി. ചിദംബരേഷും കോടതിയിൽ ചൂണ്ടിക്കാട്ടി. ബോണി നടേശ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.