തിരുവനന്തപുരം: ജനുവരി 8 ന് ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തിൽ പാറ്റൂരിൽ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പത്തും പതിനൊന്നും പ്രതികൾക്ക് ജാമ്യമില്ല. സുബ്ബരാജ്, അഭിലാഷ് എന്നിവരുടെ ജാമ്യഹർജികളാണ് തള്ളിയത്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയുടേതാണുത്തരവ്.

അന്വേഷണം പുരോഗമിക്കുന്ന കേസിൽ പ്രതിയെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്. കഴിഞ്ഞ ദിവസം മൂന്നാം പ്രതി ഓംപ്രകാശിന്റെ കാർ ഡ്രൈവർ മുഹമ്മദ് ഇബ്രാഹിം റാവുത്തർ എന്ന ഇബ്രു (27), അഞ്ചാം പ്രതി ബാദുഷ മകൻ സൽമാൻ ഷാ, ഒമ്പതാം പ്രതി മുഹമ്മദ് ഷിയാസ് എന്നീ പ്രതികൾക്ക് ജാമ്യം നിരസിച്ചിരുന്നു. പ്രതികളുടെ റിമാന്റ് കോടതി 17 വരെ ദീർഘിപ്പിച്ചു.