തിരുവനന്തപുരം: ആറ്റിങ്ങൽ ആലംകോട് അടഞ്ഞു കിടന്ന ബാംബു ഹോട്ടലിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ വിൽപനക്കായി സൂക്ഷിച്ച നാല്പതു കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ 4 പ്രതികളെയും കൽ തുറുങ്കിലിട്ട് വിചാരണ തുടങ്ങി. 17 സാക്ഷികളെ വിസ്തരിക്കുകയും 83 രേഖകൾ കോടതി തെളിവിൽ സ്വീകരിക്കുകയും ചെയ്തു. പ്രതികളുടെ റിമാന്റ് മാർച്ച് 7 വരെ ദീർഘിപ്പിച്ച് സെൻട്രൽ ജയിലിലേക്ക് അയച്ചു.

റിമാന്റിൽ കഴിയുന്ന സൂത്രധാരനായ മുഖ്യ പ്രതി ഫഹദിന്റെയടക്കം ജാമ്യഹർജികൾ സെഷൻസ് കോടതി തള്ളി. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ കസ്റ്റേഡിയൽ വിചാരണ ചെയ്യുന്നത്. ആന്ധ്രയിൽ നിന്ന് സവാള ലോറിയിൽ കഞ്ചാവെത്തിച്ച് ഹോട്ടലിൽ സൂക്ഷിച്ച മുഖ്യ പ്രതി മണമ്പൂർ തൊപ്പിച്ചന്ത എഫ്.എഫ്. മൻസിലിൽ എൻ.ഫഹദ് (26) , കീഴാറ്റിങ്ങൽ മുളവനത്ത് വീട്ടിൽ പി. അർജുൻ നാഥ് (27) , കീഴാറ്റിങ്ങൽ എം.സി. നിവാസിൽ എം. അജിൻ മോഹൻ (25) , ആറ്റിങ്ങൽ ഗവ. ജി.എച്ച്.എസ്.എസിന് സമീപം ചിത്തിരയിൽ ആർ. ഗോകുൽ രാജ് (26) എന്നിവരാണ് ജാമ്യം നിരസിക്കപ്പെട്ട് കൽ തുറുങ്കിൽ കിടന്ന് കസ്റ്റഡിയിൽ വിചാരണ നേരിടുന്നത്.

2020 സെപ്റ്റംബർ 22 ന് രാത്രിയിലാണ് ആലംകോട് അവിക്‌സ് സൊസൈറ്റിയുടെ കെട്ടിടത്തിൽ വാടകക്ക് പ്രവർത്തിച്ചിരുന്ന ബാംബു ഹോട്ടലിൽ നിന്ന് 40 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. തിരുവനന്തപുരം , കൊല്ലം ജില്ലകളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വിൽപ്പന അരങ്ങേറിയത്. ഓൺലൈനിലൂടെയും സമൂഹ മാധ്യമത്തിലൂടെയുമാണ് ഇടപാടുകാരുമായി ബന്ധപ്പെടുന്നത്. പണം കൈമാറലും ഓൺലൈൻ വഴിയായിരുന്നു. കഞ്ചാവ് കടത്താനുപയോഗിച്ച ലോറി , രണ്ട് ആഡംബര കാറുകൾ , നോട്ടെണ്ണൽ മെഷീൻ , രണ്ടു ത്രാസ്സുകൾ , 92,000 രൂപ എന്നിവ പ്രതികളിൽ നിന്ന് എക്‌സൈസ് സംഘം പിടിച്ചെടുത്തു.

ആന്ധ്രയിൽ നിന്നും സവാളയും കന്നുകാലികളെയും കൊണ്ടുവരുന്ന ലോറികളിലാണ് കഞ്ചാവ് കടത്തിയിരുന്നത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്ന് കോഴി ഫാമുകളിലേയ്ക്ക് കോഴികളെ കൊണ്ടുവരുന്ന ലോറിയിലും കഞ്ചാവ് കടത്തിയിരുന്നു. ലോക് ഡൗൺ സമയത്ത് ഹോട്ടൽ അടച്ചിരുന്നു. തുടർന്ന് സവാള സംഭരിച്ച് വ്യാപാരം തുടങ്ങി. ഇതിന്റെ മറവിലാണ് മയക്കുമരുന്ന് വ്യാപാരം നടന്നത്. ഹോട്ടലിനുള്ളിലും ലോറിയിലും കീഴാറ്റിങ്ങൽ സ്വദേശി അർജുൻ നാഥിന്റെ വീട്ടിലുമായാണ് കഞ്ചാവ് സൂക്ഷിച്ചത്. ഹാഷിഷ് ഓയിലും എൽ എസ് ഡി സ്റ്റാമ്പും സംഘം വിറ്റിരുന്നതായും എക്‌സൈസിന് വിവരം ലഭിച്ചു. വിദേശത്തായിരുന്ന ഗോകുൽ രാജ് അടുത്തിടെ നാട്ടിൽ എത്തി ഇവർക്കൊപ്പം ചേരുകയായിരുന്നു.

കീഴാറ്റിങ്ങൽ മുളവനത്ത് വീട്ടിൽ പി. അർജുൻ നാഥ് (27) , കീഴാറ്റിങ്ങൽ എം.സി. നിവാസിൽ എം. അജിൻ മോഹൻ (25) , ആറ്റിങ്ങൽ ഗവ. ജി.എച്ച്.എസ്.എസിന് സമീപം ചിത്തിരയിൽ ആർ. ഗോകുൽ രാജ് (26) എന്നീ മൂന്നു പ്രതികൾ സംഭവ ദിവസം തന്നെ അറസ്റ്റിലായിരുന്നു. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ആലംകോട് സ്വദേശികളായ രണ്ടു പേരും കല്ലമ്പലം സ്വദേശിയായ ഒരാളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് എക്‌സൈസ് അവകാശപ്പെടുന്നുണ്ടെങ്കിലും നാളിതു വരെ അവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടില്ല. ഇവരുടെ ബാങ്കിടപാടുകൾ പരിശോധിച്ചതിൽ വൻ ഇടപാട് നടന്നതിന്റെ തെളിവുകൾ ലഭിച്ചു. 8 എ റ്റി എം കാർഡുകളും 4 ബാങ്ക് പാസ് ബുക്കുകളും പിടിച്ചെടുത്തു.

അറസ്റ്റിലായി റിമാന്റിൽ കഴിയുന്ന നാലുപേരും സുഹൃത്തുക്കളാണ്. ഇവരിൽ ഒരാൾ എഞ്ചിനീയറിങ് ബിരുദധാരിയുമാണ്. ഇവർ ചേർന്നാണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ച് ഓൺലൈൻ വഴി ഉപഭോക്താക്കൾക്ക് കൈമാറുന്നത്. കഞ്ചാവെത്തിക്കുന്നത് ഫഹദിന്റെ നേതൃത്വത്തിലാണെന്നാണ് എക്‌സൈസ് കേസ്.