തിരുവനന്തപുരം: ക്രീം ബിസ്‌ക്കറ്റിൽ ലഹരി കലർത്തി നൽകി ട്രെയിൻ യാത്രക്കാരെ കൊള്ളയടിച്ച കവർച്ചാ കേസിൽ പ്രതികളായ ബിഹാർ സ്വദേശി ശത്രുധൻ കുമാറിന്റെയും ചുമൻ കുമാറിന്റെയും റിമാന്റ് മാർച്ച് 3 വരെ കോടതി ദീർഘിപ്പിച്ചു. മാർച്ച് 3 ന് വീണ്ടും ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കെ. വിദ്യാധരന്റേതാണുത്തരവ്.

രപ്തി സാഗർ എക്സ്പ്രസിൽ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളാണ് 2022 ൽ കവർച്ചയ്ക്കിരയായത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും കൊച്ചുവേളിയിലുമാണ് പ്രതികൾ മോഷണം നടത്തിയത്. തീവണ്ടിയിൽ സഞ്ചരിക്കുന്ന അതിഥി തൊഴിലാളികളുമായി സൗഹുദം സ്ഥാപിച്ച ശേഷം ലഹരി കലർന്ന ബിസ്‌ക്കറ്റ് നൽകി കവർച്ച നടത്തുന്നതാണ് ഒന്നാം പ്രതി ശത്രുധൻ കുമാറിന്റെ മോഡസ് ഓപ്പറാന്റി (കുറ്റകൃത്യം ചെയ്യുന്ന രീതി). ബീഹാറിലും സമാനമായ കേസുകളിൽ ഇയാൾ പ്രതിയാണ്. സി സി റ്റി വി ദ്യശ്യങ്ങളിലൂടെയാണ് ഇയാൾ പിടിയിലാത്. രപ്തി സാഗർ , കേള എക്സ്‌പ്രസ് ട്രെയിനുകളിൽ കവർച്ച നടത്തിയ ഇയാൾ മോഷണത്തിനു ശേഷം ആലപ്പുയിലാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. മോഷണം നടന്നതിന് പിന്നാലെ തമ്പാനൂർ റെയിൽവേ പൊലീസ് സിസിടിവി വഴി ലഭിച്ച മോഷ്ടാവിന്റെ ചിത്രം മറ്റു സ്റ്റേഷനുകളിലേക്ക് പങ്കുവെച്ചിരുന്നു.

കേരള എക്സ്പ്രസിൽ മലയാളിയെയും കൊള്ളയടിച്ചിരുന്നു. പിടിയിലായ ബീഹാർ ലബാരൻ സ്വദേശി ശത്രുധൻ കുമാറിന്റെ (42) സംഘത്തിലെ രണ്ടു പേർക്കുവേണ്ടി തിരച്ചിൽ ശക്തമാക്കിയാണ് പൊലീസ് രണ്ടാം പ്രതിയെ പിടികൂടിയത്.