- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
17 കിലോ ഹാഷിഷ് ഓയിൽകടത്ത്: തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കോടതിയുടെ അന്ത്യശാസനം
തിരുവനന്തപുരം: 17 കോടി രൂപ വിപണിവില മതിക്കുന്ന 17 കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്ത കേസിൽ തുടരന്വേഷണ റിപ്പോർട്ട് മാർച്ച് 17 ന് ക്രൈംബ്രാഞ്ച് ഹാജരാക്കാൻ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി അന്ത്യശാസനം നൽകി. 2023 ജനുവരി 4 ന് കേസ് പരിഗണിക്കവേ ജാമ്യത്തിൽ കഴിയുന്ന നാലാം പ്രതി കേസിൽ തുടരന്വേഷണം നടക്കുകയാണെന്ന് ബോധിപ്പിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി റിപ്പോർട്ട് ജനുവരി 20 ന് ഹാജരാക്കാൻ ഉത്തരവിട്ടു.
എന്നാൽ ഫെബ്രുവരി 28ന് കേസ് പരിഗണിച്ചപ്പോഴും റിപ്പോർട്ട് ഹാജരാക്കാത്തതിനാലാണ് മാർച്ച് 17 ന് ഹാജരാക്കാൻ ജഡ്ജി കെ. സനിൽകുമാർ അന്ത്യശാസനം നൽകിയത്. അതേ സമയം 7 മാസത്തിനകം കുറ്റപത്രം സമർപ്പിക്കാതെ പൊലീസ് ഒത്തുകളിയിലൂടെ ജാമ്യമെടുത്ത് ഒളിവിൽ പോയ മാലി സ്വദേശികളായ 4 പ്രതികൾക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
കേസിലെ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ മാലി സ്വദേശികളായ അയ്മൻ അഹമ്മദ് (24) , ഷാനിസ് മാഹിർ (27) , ഇബ്രാഹിം ഫൗസൻ സാലിഹ് (29), അഞ്ചാം പ്രതി അസ് ലിഫ് മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്. ഓപ്പൺ ഡേറ്റഡ് അറസ്റ്റ് വാറണ്ടുത്തരവ് നടപ്പിലാക്കാൻ തുടരന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി യോടാണ് കോടതി ഉത്തരവിട്ടത്. പ്രതികൾ രാജ്യം വിട്ട് പല ഒളിത്താവളങ്ങളിൽ മാറി മാറി കഴിയുന്നതിനാൽ കാലാവധി തീയതി വയ്ക്കാത്ത തുറന്ന തീയതി വാറണ്ട് ( ഓപ്പൺ ഡേറ്റഡ് വാറണ്ട് ) വേണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച അപേക്ഷ അനുവദിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.
2018 ജൂൺ 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളും മാലി സ്വദേശികകളുമായ ഐമൻ അഹമ്മദ് ( 24 ), ഷെനീസ് മാഹീർ ( 27 ), ഇബ്രാഹിം ഫൗസൻ സാലിഹ് ( 29 ), അമർ റഷീദ് ( 30 ), അസ് ലിഫ് മുഹമ്മദ് എന്നിവരാണ് കേസിലെ 1 മുതൽ 5 വരെയുള്ള പ്രതികൾ. ഷെനിസ് മാഹീർ അന്താരാഷ്ട്ര കുറ്റവാളിയാണ്. കപ്പൽ വഴി മയക്കു മരുന്ന് കടത്തുന്നതിലും ഷെനിസ് വിദഗ്ധനാണ്. വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ ഇയാൾക്ക് വേണ്ടി വല വിരിച്ചിരിക്കവേയാണ് തലസ്ഥാനത്ത് വച്ച് കേരളാ പൊലീസിന്റെ പിടിയിലായത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്