- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം; വിവിധ കേസുകളിലായി 11 തവണ വകുപ്പുതല നടപടി; ശിക്ഷണ നടപടികൾ പലതവണ നേരിട്ടിട്ടും സ്വഭാവദൂഷ്യം തുടർന്നു; കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറെ പിരിച്ചുവിട്ട് ഡിജിപി
കാസർകോട്: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ ആർ. ശിവശങ്കരനെ സർവ്വീസിൽ നിന്ന് നീക്കം ചെയ്ത് ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചു. കേരള പൊലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി. പൊലീസ് ആസ്ഥാനത്ത് നിന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശിക്ഷണ നടപടികളുടെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ആർ. ശിവശങ്കരന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ മറുപടി നൽകുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗസ്ഥനെ നേരിൽ കേട്ട് വാദങ്ങൾ വിലയിരുത്തി. തുടർന്ന് ഉദ്യോഗസ്ഥന്റെ മറുപടി തൃപ്തികരമല്ലെന്നും വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാളെ ജോലിയിൽ നിന്നും പിരിച്ച് വിട്ട് ഉത്തരവിറക്കിയത്.
ഉടനടി പ്രാബല്യത്തിൽ വരത്തക്കവിധം സർവ്വീസിൽ നിന്ന് നീക്കം ചെയ്താണ് ഡിജിപിയുടെ ഉത്തരവ്. ശിക്ഷണനടപടികൾ പലതവണ നേരിട്ടിട്ടും തുടർച്ചയായി ഇത്തരം കേസുകളിൽ പ്രതിയാകുകയും സ്വഭാവദൂഷ്യം തുടരുകയും ചെയ്തതിനാൽ ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർക്ക് പൊലീസിൽ തുടരാൻ യോഗ്യനല്ലെന്നു കണ്ടെത്തിയാണ് നടപടി. ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ ആർ. ശിവശങ്കർ 2006 മുതൽ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്‌പെൻഷനിൽ ആയിട്ടുണ്ട്.
കൂടാതെ 11 തവണ വകുപ്പുതല നടപടികൾക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, മാനഭംഗപ്പെടുത്തൽ, നിരപരാധികളെ കേസിൽപ്പെടുത്തൽ, അനധികൃതമായി അതിക്രമിച്ച് കടക്കൽ മുതലായ കുറ്റങ്ങൾക്കാണ് ഈ നടപടികൾ നേരിട്ടതെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ