തിരുവനന്തപുരം: തലസ്ഥാന പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിലെ ചെസ്റ്റിൽ (പണം, സ്വർണം തുടങ്ങി വിലപ്പെട്ട വകകൾ സൂക്ഷിക്കുന്ന ലോക്കറിൽ) നിന്നും പണാപഹരണം നടത്തിയെന്ന കേസിൽ സാക്ഷി വിസ്താര വിചാരണ തുടങ്ങി. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകർ മുമ്പാകെയാണ് വിചാരണ ആരംഭിച്ചത്.

ഒന്നാം സാക്ഷിയായി സംഭവം ജില്ലാ ജഡ്ജിയെ അറിയിച്ച മുൻ സീനിയർ സൂപ്രണ്ട് കമലത്തെ വിസ്തരിച്ചു. പ്രോസിക്യൂഷൻ ഭാഗത്തേക്ക് 5 പ്രാമാണിക തെളിവുകൾ കോടതി രേഖകളാക്കി. ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ മുൻ സീനിയർ സൂപ്രണ്ടും ശിരസ്തദാറുമായിരുന്ന വിമൽ കുമാറാണ് ഏക പ്രതിയായി വിചാരണ നേരിടുന്നത്. അതേ സമയം മുൻ സീനിയർ സൂപ്രണ്ട് തനിക്ക് ലോക്കർ താക്കോൽ കൈമാറുമ്പോൾ ലോക്കറിനുള്ളിലെ വകകൾ ഫിസിക്കൽ വെരിഫിക്കേഷൻ (ഭൗതികമായി വകകൾ രജിസ്റ്ററുമായി ഒത്തു നോക്കി എണ്ണി തിട്ടപ്പെടുത്തി പരസ്പരം ബോധ്യപ്പെടുത്തി നൽകൽ) നടത്തി നൽകിയില്ലെന്ന് പ്രതിഭാഗം ക്രോസ് വിസ്താരത്തിൽ ചോദ്യം ഉന്നയിച്ചു.

ജില്ലാ കോടതിയിൽ സൂക്ഷിച്ചിട്ടുള്ള വാല്യുബൾസ് (പണം , സ്വർണം തുടങ്ങിയവ രേഖപ്പെടുത്തുന്ന) രജിസ്റ്റർ വിളിച്ചു വരുത്തണണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിൽ 22 ന് കോടതി ഉത്തരവ് പ്രഖ്യാപിക്കും. സംഭവം 2011 ൽ നടന്നുവെന്നാണ് കേസ്. പൊതുസേവകനെന്ന നിലയിൽ വസ്തുവിന്മേലുള്ള നിയന്ത്രണാധികാരമോ ഏതെങ്കിലും വിധത്തിൽ ഭരമേൽപ്പിക്കപ്പെട്ടിരിക്കെ , ആ വസ്തു നേരു കേടായി ദുർവിനിയോഗം ചെയ്യുകയോ സ്വന്തം ഉപയോഗത്തിന് വേണ്ടി മറിക്കുകയോ അല്ലെങ്കിൽ അങ്ങനെയുള്ള ട്രസ്റ്റ് നിർവഹിക്കേണ്ട രീതി നിർണ്ണയിക്കുന്ന നിയമ നിദേശമോ നിയമാനുസൃത കരാറോ ലംഘിച്ചുകൊണ്ട് ആ വസ്തു നേരുകേടായി ഉപയോഗിക്കുകയോ. വ്യയനം ചെയ്യുകയോ അല്ലെങ്കിൽ അപ്രകാരം ചെയ്യുവാൻ മറ്റേതെങ്കിലും ആളെ മന : പൂർവ്വം അനുവദിക്കുകയോ ചെയ്ത് കാൽലക്ഷത്തോളം രൂപയും നാണയങ്ങളും പണാപഹരണം ചെയ്ത് കുറ്റകരമായ വിശ്വാസ ലംഘനം നടത്തിയെന്നാണ് കേസ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 409 (പൊതുസേവകൻ കുറ്റകരമായ ട്രസ്റ്റ് ലംഘനം നടത്തൽ) എന്ന കുറ്റം വിചാരണക്കു മുന്നോടിയായി ചുമത്തിയാണ് കോടതി പ്രതിയെ വിചാരണ ചെയ്യുന്നത്. 2011 സെപ്റ്റംബർ 20 നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ജില്ലാ ജഡ്ജിയുടെ നിർദ്ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് കേസന്വേഷിച്ചത്.