- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിലെ തട്ടിപ്പിന് കൂട്ടുനിന്നു; സി പി എം നേതാവ് വത്സൻ പനോളിക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം; മകന്റെ പരാതിയിൽ കതിരൂർ സ്വദേശിയായ യുവാവിന് എതിരെ കേസ്
കണ്ണൂർ: കണ്ണൂരിൽ സി.പി. എം നേതാവിനും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ അപവാദപ്രചരണം നടത്തിയതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. സി.പി. എം സംസ്ഥാന കമ്മിറ്റിയംഗവും കർഷക സംഘം സംസ്ഥാന സെക്രട്ടറിയുമായ വത്സൻ പനോളിയെയും കുടുംബത്തെയും ഫെയ്്സ്ബുക്കിലൂടെ അപമാനിച്ചുവെന്ന പരാതിയിലാണ് കതിരൂർ സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പനോളി വത്സന്റെ മകൻ ഷാഹുൽ പനോളിയുടെ പരാതിയിലാണ് ഷൈജു കതിരൂർ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തത്.
ഷൈജു കതിരൂർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പനോളിയുടെ കുടുംബത്തിനെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതി. കൂത്തുപറമ്പ് മൂര്യാടുള്ള ഒരു ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ തട്ടിപ്പു നടന്നുവെന്നും ഇതിന്റെ സെക്രട്ടറിയെ വത്സൻ പനോളിയും മകളുടെ ഭർത്താവായ ഡോ.വി.ശിവദാസൻ എം. പിയും സംരക്ഷിക്കുന്നുവെന്ന വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.
തന്റെ അടുത്ത ബന്ധു മരണമടഞ്ഞപ്പോൾ ഇദ്ദേഹത്തിന്റെ സ്മരണ നിലനിർത്താനായി വത്സൻ പനോളി പാർട്ടി അറിയാതെ ചാരിറ്റബിൾ ട്രസ്റ്റു തുടങ്ങിയെന്നും ഇതിലൂടെ ലക്ഷങ്ങളുടെ ക്രമക്കേടു നടത്തിയെന്നുമായിരുന്നു ആരോപണം. പാർട്ടി അറിയാതെയാണ് വത്സൻ പനോളി ട്രസ്റ്റിനായി പണപിരിവ് നടത്തിയതെന്നുമായിരന്നു ഷൈജു കതിരൂർ സോഷ്യൽമീഡിയയിലൂടെ ആരോപണമുന്നയിച്ചത്. എന്നാലിത് വ്യാജപ്രചാരണമാണെന്നാണ് സി.പി. എം നേതൃത്വത്തിന്റെ നിലപാട്.
സോഷ്യൽ മീഡിയയിലൂടെ ഒരു മാസത്തോളമായി പനോളി വത്സനും കുടുംബത്തിനുമെതിരെ വ്യാപക അപകീർത്തിപ്രചരണം നടന്നുവരികയാണ്.സി.പി. എം സൈബർ ഗ്രൂപ്പുകളിലും ഇതു പ്രചരിക്കുന്നുണ്ട്. അഴിമതി ആരോപണമുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് സോഷ്യൽമീഡിയയിലൂടെ ഒരു വിഭാഗം ഉന്നയിക്കുന്നത്. ചില ആസൂത്രിതകേന്ദ്രങ്ങൾ വ്യാജപ്രചാരണം നടത്തുകയാണെന്നാണ് സി.പി. എം നേതൃത്വം പറയുന്നു.
കൂത്തുപറമ്പിൽ നിന്നും പി.ജയരാജനു ശേഷം സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്നുവന്ന നേതാവാണ് വത്സൻ പനോളി. ചാരിറ്റബിൾ ട്രസ്റ്റിനായി സ്ഥലമെടുക്കുന്നതിനായി വത്സൻ പനോളിയുടെ നേതൃത്വത്തിൽ വ്യാപകമായി പണപിരിവ് നടത്തിയെന്നും ഇതു പാർട്ടിയെ അറിയിച്ചില്ലെന്നുമാണ് സോഷ്യൽ മീഡിയയിലൂടെ ഒരുവിഭാഗം ഉന്നയിക്കുന്നത്. ഇതുകാരണം വത്സൻ പനോളിക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചുവെന്നും ഇതുകൂത്തുപറമ്പ് ഏരിയാകമ്മിറ്റിക്കു കീഴിലെ ലോക്കൽ കമ്മിറ്റികളിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്ന ആരോപണമാണ് പേരും ഊരുമില്ലാത്ത സോഷ്യൽമീഡിയ സന്ദേശങ്ങളായി പ്രചരിച്ചിരുന്നത്. ആർ. എസ്. എസ്, ബിജെപി അക്രമരാഷ്ട്രീയത്തിനതിരെ കൂത്തുപറമ്പ് മണ്ഡലത്തിൽ പ്രതിരോധത്തിന് നേതൃത്വം നൽകുന്ന വത്സൻപനോളിയെ താറടിക്കുന്നതിനും പാർട്ടിഅണികളിൽ തെറ്റിദ്ധാരണ പരത്തുന്നതിനുമായി സംഘ്പരിവാർ കേന്ദ്രങ്ങളാണ് വ്യാജ പ്രചരണത്തിന് പിന്നിലെന്നാണ് സി.പി. എം നേതൃത്വം ആരോപിക്കുന്നത്.




