കോഴിക്കോട്: വിൽപ്പനയ്ക്കായി എത്തിച്ച 14 കിലോ കഞ്ചാവുമായി ശാന്തിനഗർ കോളനിയിലെ രണ്ടുപേർ പിടിയിൽ. ശാന്തിനഗർ കോളനി നിവാസിയായ ശ്രീനി(42), സീന എന്നിവരാണ് അറസ്റ്റിലായത്. വെസ്റ്റ്ഹിൽ ആർമി ബാരക്‌സ് പരിസരത്തുനിന്ന് 12 കിലോ കഞ്ചാവുമായാണ് ശ്രീനി അറസ്റ്റിലായത്. ശാന്തിനഗർ കോളനിയിലെ സീനയെ രണ്ടുകിലോ കഞ്ചാവുമായി വീട്ടിൽനിന്നാണ് അറസ്റ്റുചെയ്തത്.

രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇരുവരും കഞ്ചാവുമായി പിടിയിലാകുന്നത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഏഴുലക്ഷത്തോളംരൂപ വിലവരും. ഇരുവരും സമാനകുറ്റകൃത്യത്തിന് ആന്ധ്രാപ്രദേശിൽ ജയിൽശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയവരാണ്.

ആന്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിൽ, എസ്‌ഐ. യു. ഷിജു, മനോജ് എടയേടത്ത്, എഎസ്ഐ. അബ്ദുറഹിമാൻ, സീനിയർ സി.പി.ഒ. കെ. അഖിലേഷ്, അനീഷ് മൂസൻവീട്, സി.പി.ഒ. മാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, വെള്ളയിൽ സ്റ്റേഷനിലെ എസ്‌ഐ. മാരായ യു. സനീഷ്, കെ. ഷാജി, വി.കെ. അഷറഫ്, എസ്.സി.പി.ഒ. നവീൻ, ഇ. ലിനിജ, സി.പി.ഒ. രഞ്ജിത്, രജു എന്നിവർ നേതൃത്വംനൽകി.