ദോഹ: ഖത്തറിൽ ബുധനാഴ്ച അപ്പാർട്ട്‌മെന്റ് കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ശനിയാഴ്ച ഒരു മലയാളിയുടെ കൂടി മൃതദേഹം കണ്ടെത്തി. കാസർകോട് പുളിക്കൂർ സ്വദേശി മുഹമ്മദ് അഷ്‌റഫിന്റെ (38) മൃതദേഹമാണ് ഏറ്റവുമൊടുവിൽ കണ്ടെത്തിയത്. ഇതോടെ അപകടത്തിലെ ആകെ മരണസംഖ്യ നാലായി.

അപകടത്തിൽ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹമാണ് ശനിയാഴ്ച തിരിച്ചറിഞ്ഞത്. മലപ്പുറം പൊന്നാനി മാറഞ്ചേരി സൗദേശിയായ നൗഷാദ് മണ്ണറയിലിന്റെയുും കാസർകോട് സ്വദേശി മുഹമ്മദ് അഷ്‌റഫിന്റെയും മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് സ്വദേശിയും ഖത്തറിലെ അറിയപ്പെടുന്ന കലാകാരനുമായ മുഹമ്മദ് ഫൈസൽ പാറപ്പുറവൻ (ഫൈസൽ കുപ്പായി - 48) ആണ് അപകടത്തിൽ മരിച്ച മറ്റൊരു മലയാളി.

വെള്ളിയാഴ്ച രാത്രിയാണ് ഫൈസലിന്റെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പാറപ്പുറവൻ അബ്ദുസ്സമദിന്റെയും ഖദീജയുടെയും മകനാണ് ഫൈസൽ. ഭാര്യ - റബീന. മക്കൾ - റന, നദ, മുഹമ്മദ് ഫെബിൻ.