തൃശൂർ: പെട്രോളിനും ഡീസലിനും രണ്ട് രൂപ അധിക സെസ് ഏർപ്പെടുത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടിയിരിക്കുമ്പോഴാണ് സംസ്ഥാന സർക്കാരിന്റെ വക പുതിയ ഇരുട്ടടി. സർക്കാരിന്റെ ഈ നടപടിക്കെതിരെ ചില്ലറസമരവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്. പൂച്ചട്ടിയിലെ പെട്രോൾ പമ്പിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ 'ചില്ലറ' പ്രതിഷേധം സംഘടിപ്പിച്ചത്.

ഇന്ധനം നിറയ്ക്കാനെത്തിയവർക്കെല്ലാം യൂത്ത് കോൺഗ്രസ് പ്രവർത്തകർ രണ്ട് രൂപ വീതം 'സമാശ്വാസ'മായി നൽകി. ഇന്ധനം നിറയ്ക്കാനെത്തിയവർ രണ്ട് രൂപ സ്വീകരിച്ചു പ്രതിഷേധത്തിന് ഐക്യദാർഢ്യമറിയിച്ചു. ഇവരിൽ ചിലർ തങ്ങളുടെ കൈവശമുണ്ടായിരുന്ന ചില്ലറത്തുട്ടുകൾ പ്രതിഷേധക്കാർക്കു സമ്മാനിച്ചു പ്രോത്സാഹനമേകി. പ്രതിഷേധത്തിനു പിന്തുണയേറിയപ്പോൾ ആകെ വിതരണം ചെയ്തതു നൂറിലേറെ രണ്ട് രൂപാത്തുട്ടുകൾ. കഴിയാവുന്നത്ര നാണയങ്ങൾ ശേഖരിച്ചാണു പ്രവർത്തകർ പമ്പിലെത്തിയത്. യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.