റാന്നി: നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ, പെരുനാടിനെ വിറപ്പിച്ച കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശപ്രകാരം റാന്നി ഡി.എഫ്.ഓയുടെ നേതൃത്വത്തിൽ രാജാമ്പാറ ഡിവിഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് കടുവയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചത്.

കടുവയുടെ ആക്രമണത്തിൽ പശുക്കൾ ചത്ത ബഥനി മലയിൽ ശനിയാഴ്ച ഉച്ചയോടെ തേക്കുതോട്ടിൽ നിന്ന് എത്തിച്ച കൂട് സ്ഥാപിച്ചു. കഴിഞ്ഞ കുറേ ദിവസമായി കൂട് സ്ഥാപിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിൽ ആയിരുന്നു നാട്ടുകാർ. റേഞ്ച് ഓഫീസർ കെ. എസ്. മനോജ്, എസ്.എഫ്.ഓ നൗഷാദ്, രാജാമ്പാറ എസ്.എഫ്.ഓ വി.ജി സജികുമാർ, ആർ ആർ ടി സംഘം എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.

ഒരാഴ്ചയ്ക്കിടെ മൂന്നു പശുക്കളെയാണ് കടുവ ആക്രമിച്ചത്. ഇതിൽ രണ്ടെണ്ണം ചത്തു. ഏത് മൃഗമാണ് പശുക്കളെ കൊന്നതെന്ന് അറിയാൻ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ കടുവയുടെ ചിത്രം പതിയുകയും ഇത് പുറത്താവുകയും ചെയ്തു. ആദ്യം വനംവകുപ്പ് ചിത്രം പഴയതാണെന്ന നിലപാട് എടുത്തെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തിന് മുന്നിൽ സത്യം പറയേണ്ടി വന്നു. അങ്ങനെയാണ് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കേണ്ടി വന്നത്.