തളിപ്പറമ്പ്: ഹജ്ജ് പ്രാക്ടിക്കൽ ക്യാമ്പുകളിൽ കേരളത്തിനകത്ത് വിശ്വാസികളുടെ ഇഷ്ടം പിടിച്ചു പറ്റിയ മലബാറിലെ തന്നെ ഏറ്റവും വലിയ ഹജ്ജ് പ്രാക്ടിക്കൽ ക്യാമ്പ് മെയ് പത്തിന് രാവിലെ 9.30 മുതൽ തളിപ്പറമ്പ നാടുകാണി ദാറുൽ അമാൻ അൽമഖർ കാമ്പസിൽ നടക്കും. അമാനീസ് അസോസിയേഷൻ സെൻട്രൽ കമ്മിറ്റിക്കു കീഴിൽ പതിനേഴ് വർഷമായി തുടർന്നു വരുന്ന ഈ ക്യാമ്പിന് കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമിയാണ് നേതൃത്വം നൽകുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഓരോ വർഷവും ആയിരത്തിലധികം പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഹജ്ജ് കർമ്മത്തിന്റെ പ്രധാന ഭാഗങ്ങളായ കഅ്ബ ത്വവാഫ്, സഅ്യ്, മിന, ജംറ, റംല് നടത്തം തുടങ്ങിയവ പ്രതീകാത്മകമായി നിർമ്മിക്കുകയും വിശാലമായ സ്ഥല സൗകര്യത്തോടെ പ്രാക്ടിക്കലായി ചെയ്യിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് മറ്റു ക്യാമ്പുകളിൽ നിന്ന് അൽമഖർ ഹജ്ജ് പ്രാക്ടിക്കൽ ക്യാമ്പിനെ വ്യത്യസ്തമാക്കുന്നത്.

മദീനയിലെത്തുന്ന ഹജ്ജാജിമാർക്ക് മദീനയുടെ ചരിത്രവും പവിത്രതയും വിശദീകരിച്ച് കൊടുക്കുന്ന സെഷൻ കൂടി ക്യാമ്പിന്റെ ഭാഗമായി നടക്കും. മെയ് 10 ന് രാവിലെ 9.30 ന് കൻസുൽ ഉലമ മഖാം സിയാറത്തോടെ ആരംഭിക്കുന്ന ക്യാമ്പ് വൈകുന്നേരം 5 മണിക്ക് സമാപിക്കും. സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം എം വി അബ്ദുർറഹ്‌മാൻ ബാഖവി നേതൃത്വം നൽകും.

അമാനീസ് അസോസിയേഷൻ പ്രസിഡണ്ട് പട്ടുവം കെ.പി. അബ്ദുസ്സ്വമദ് അമാനിയുടെ അദ്ധ്യക്ഷതയിൽ അൽമഖർ ജനറൽ സെക്രട്ടറി കെ.പി. അബൂബക്ര് മൗലവി പട്ടുവം ഉദ്ഘാടനം നിർവ്വഹിക്കും. സമാപന പ്രാർത്ഥനക്ക് അൽമഖർ വർക്കിങ് പ്രസിഡന്റ് സയ്യിദ് സുഹൈൽ അസ്സഖാഫ് മടക്കര നേതൃത്വം നൽകും. വാർത്താ സമ്മേളനത്തിൽ കെ.പി. അബ്ദുസ്സ്വമദ് അമാനി പട്ടുവം, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ അനസ് ഹംസ അമാനി, നാസിർ ഹാജി മാതമംഗലം തുടങ്ങിയവർ പങ്കെടുത്തു.