തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് സമീപം നടന്ന 8 ലക്ഷം രൂപയുടെ സ്വർണ്ണ പണയ തട്ടിപ്പ് കേസിൽ സഹകരണ ബാങ്ക് അക്കൗണ്ടന്റും ക്ലാർക്കുമടക്കം 3 പ്രതികൾ ഹാജരാകാൻ ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്. പ്രതികൾ 19 ന് ഹാജരാകാൻ മജിസ്ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവിട്ടു.

തിരുവനന്തപുരം സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിലെ അക്കൗണ്ടന്റും കാഷ്യറുമായ ഗീതാ രമണി , കംപ്യൂട്ടർ ഓപ്പറേറ്ററും ക്ലാർക്കുമായ ഹരിപ്രസാദ് എന്ന ഉണ്ണി , കാഷ്യർ സജീവ് കുമാർ എന്നിവരാണ് ഹാജരാകേണ്ടത്. 2015 ലാണ് കേസിനാസ്പദമായ സ്വർണ്ണപ്പണയ തട്ടിപ്പ് നടന്നത്.

പ്രതികൾ ഗൂഢാലോചന നടത്തി ഇടപാടുകാർ പണയം വയ്ക്കുന്ന സ്വർണ്ണാഭരണങ്ങൾ ബാങ്ക് ലോക്കറിൽ മുദ്രവച്ച തുണി സഞ്ചിയിൽ വച്ചശേഷം രഹസ്യമായി അസ്സൽ സ്വർണ്ണാഭരണങ്ങൾ മോഷണം ചെയ്‌തെടുത്ത് തൽസ്ഥാനത്ത് മുക്കു പണ്ടം വയ്ക്കുകയും അസ്സൽ സ്വർണം മറ്റു ബാങ്കുകളിൽ പണയം വച്ച് 8 ലക്ഷത്തോളം രൂപ വഞ്ചിച്ചെടുത്ത് ബാങ്കിനെയും ഇടപാടുകാരെയും ചതിച്ചുവെന്നാണ് കേസ്. ഗീതാ രമണി ലീവ് എടുക്കാതെയും ചാർജ് മറ്റാർക്കും കൈമാറാതെയും ലോക്കർ താക്കോൽ കൈമാറാതെയും ബാങ്കിൽ വരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് പുറം ലോകം അറിഞ്ഞത്