ആലപ്പുഴ: ചെങ്ങന്നൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ റിങ് ഇടിഞ്ഞ് കിണറ്റിൽ കുടുങ്ങിയ 72കാരന് ദാരുണാന്ത്യം. പെരുങ്കുഴി സ്വദേശി യോഹന്നാൻ(72) ആണ് മരിച്ചത്. 11 മണിക്കൂറിനു ശേഷമാണ് യോഹന്നാനെ പുറത്തെടുത്തത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ചെങ്ങന്നൂർ കോടുകുളഞ്ഞിയിലായിരുന്നു അപകടം. സ്വകാര്യ വ്യക്തിയുടെ കിണർ വൃത്തിയാക്കുന്നതിനിടെ റിങ് ഇടിഞ്ഞ് കാലിലേക്ക് വീണായിരുന്നു അപകടമുണ്ടായത്. പൊലീസും അഗ്‌നിരക്ഷാസേനയും ചേർന്ന് മണ്ണ് മാന്തിയന്ത്രം ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. മന്ത്രി സജി ചെറിയനാനും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നിരീക്ഷിച്ചിരുന്നു.

അബോധാവസ്ഥയിലാണ് ഇയാളെ കിണറ്റിൽ നിന്നും പുറത്തേക്കെടുത്തത്. നാട്ടുകാരും അഗ്‌നിശമന സേനയും പൊലീസും ചേർന്ന് നടത്തിയ പതിനൊന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കിണറ്റിൽ നിന്നും ഇയാളെ പുറത്തേക്ക് എടുത്തത്.

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കോടുകുളഞ്ഞി ജംഗ്ഷനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു യോഹന്നാൻ. കിണറിനുള്ളിൽ വളർന്നു നിന്ന കാട്ടും പടപ്പും പറിച്ച് വൃത്തിയാക്കുന്നതിനിടെ കിണറിന്റെ സിമിന്റ് റിംഗുകൾ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.

ശബ്ദം കേട്ട് വശങ്ങളിലേക്ക് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും താഴേക്കു വീണ രണ്ടോളം റിംഗുകൾക്കടിയിൽ യോഹന്നാന്റെ കാലുകൾ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സമീപ വാസികൾ ആദ്യം രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സ് ടീം ജെ സി ബി ഉപയോഗിച്ച് റിംഗുകൾ ഉയർത്തി ശ്രമകരമായാണ് ആളെ പുറത്തെടുത്തത്.