- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവർച്ചാ തൊണ്ടി മുതൽ വീണ്ടെടുക്കാതെ പ്രതിയുമായി ഒത്തു കളിച്ചുള്ള പേരൂർക്കട പൊലീസ് കുറ്റപത്രം മജിസ്‌ട്രേട്ട് കോടതി തള്ളി; തുടരന്വേഷണത്തിന് ഉത്തരവിട്ടു; പ്രതിക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് തിരുവനന്തപുരം ജില്ലാ കോടതിയും
തിരുവനന്തപുരം: കവർച്ചാ കേസിൽ തൊണ്ടി മുതൽ വീണ്ടെടുക്കാതെ പ്രതിയുമായി ഒത്തു കളിച്ചുള്ള പേരൂർക്കട പൊലീസ് കുറ്റപത്രം മജിസ്‌ട്രേട്ട് കോടതി തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകറിന്റേതാണുത്തരവ്. തെളിവു ശേഖരിക്കാതെയുള്ള അപൂർണ്ണമായതും പക്ഷപാതപരവുമായ കുറ്റപത്രമാണ് തള്ളി ക്രിമിനൽ നടപടിക്രമം ചട്ടം 173 (8) പ്രകാരം തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
പ്രതിയെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് തൊണ്ടി മുതൽ വീണ്ടെടുക്കുകയോ ചെയ്യാതെ പ്രതിയുമായി ഒത്തു കളിച്ച് കേരളാ പൊലീസ് അന്തിമ റിപ്പോർട്ടായ ക്രിമിനൽ നടപടിക്രമത്തിലെ ചട്ടം 173 പ്രകാരമുള്ള കുറ്റപത്രം സമർപ്പിച്ചതിന് കേസ് ചാർജിങ് ഓഫീസറായ പേരൂർക്കട സർക്കിൾ ഇൻസ്‌പെക്ടറെ കോടതി രൂക്ഷമായി ശാസിച്ചു. പൊലീസ് ട്രെയിനിങ് കോളേജിൽ ഇതൊക്കെയാണോ പഠിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. വളഞ്ഞ വഴിയിലൂടെയും വളയമില്ലാതെ ചാടിയുമുള്ള റിപ്പോർട്ടുകൾ കോടതി സ്വീകരിക്കുമെന്നാണോ കരുതിയിരിക്കുന്നതെന്നും കോടതി ചോദിച്ചു.
2021 ൽ നടന്ന പിടിച്ചുപറി കേസിലാണ് (പേരൂർക്കട പി. എസ്. ക്രൈം 2071/2021) പൊലീസ് പ്രതിക്ക് മുൻകൂർ ജാമ്യം നേടിക്കൊടുക്കുവാനായി പ്രതിയെ അറസ്റ്റ് ചെയ്യാതെ 2023 ൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്ക് ജയിൽ റിമാന്റ് ഒഴിവാക്കി ജാമ്യം ലഭിക്കാനായാണ് പൊലീസ് അന്വേഷണം പൂർത്തിയാക്കിയെന്ന് കാട്ടി കുറ്റപത്രം സമർപ്പിച്ചതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ പ്രതിയെ ഒളിവിലിട്ട് ചാർജ് ഷീറ്റ് സമർപ്പിക്കുന്നതാണ് സ്റ്റേഷൻ റൈറ്ററും അന്വേഷണ ഉദ്യോസ്ഥനുമടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ രീതി.
പൊലീസിന്റെ ഈ അഴിമതി കോടതി മനസിലാക്കിയാണ് കുറ്റപത്രം തള്ളി കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.കുടപ്പനക്കുന്ന് ജയപ്രകാശ് ലെയിനിൽ സാബു എന്ന ബിജുകുമാർ (40) നെ ഏക പ്രതിയാക്കിയാണ് പൊലീസ് നാമമാത്ര കുറ്റപത്രം സമർപ്പിച്ചത്. മജിസ്‌ട്രേട്ട് കോടതി പൊലീസ് ഒത്തുകളി കുറ്റപത്രം തള്ളി തുടരന്വേഷണത്തിനുത്തരവിട്ടതോടെയാണ് പ്രതി മെയ് 27 ന് മുൻകൂർ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.
പ്രതിക്ക് മുൻകൂർ ജാമ്യം നിഷേധിച്ച് ജില്ലാ കോടതിയും ഉത്തരവിട്ടു. തുടരന്വേഷണത്തിന് മജിസ്‌ട്രേട്ട് കോടതി പുറപ്പെടുവിച്ച ഉത്തരവും പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് കുറ്റസമ്മത മൊഴി രേഖപ്പെടുത്തി പ്രതി നയിച്ചാനയിച്ച വഴിയേ പ്രതിയുമൊത്ത് സഞ്ചരിച്ച് തൊണ്ടി മുതൽ കണ്ടെത്തി അവ വീണ്ടെടുക്കേണ്ട സാഹചര്യവും പൊലീസ് ഒത്തു കളിയും വിലയിരുത്തുമ്പോൾ പ്രതിക്ക് ' പ്രീ - അറസ്റ്റ് ബെയിൽ '' ആയ അറസ്റ്റിന് മുമ്പുള്ള മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്ന് വിലയിരുത്തിയാണ് ജില്ലാ കോടതി പ്രതിക്ക് മുൻകൂർ ജാമ്യം നിരസിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്