- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാവിനെ അസഭ്യം പറഞ്ഞത് ചോദിക്കാൻ എത്തിയ മകനെ കുത്തിക്കൊലപ്പെടുത്തി; ഒളിവിൽ പോയ പ്രതി പിടിയിൽ
അരൂർ: വാക്കുതർക്കത്തിനിടെ പച്ചക്കറി വ്യാപാരിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കുത്തിയതോട് തുറവൂർ റെയിൽവേ സ്റ്റേഷനു സമീപം താമസിക്കുന്ന സനുദേവ് (36) ആണു പിടിയിലായത്. തുറവൂർ പഞ്ചായത്തു നാലാം വാർഡ് നികർത്തിൽ മധുവിന്റെ മകൻ മിഥുൻ (29) ആണു കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി ദേശീയപാതയോരത്തു തുറവൂർ ആലയ്ക്കാപറമ്പിനു സമീപമായിരുന്നു സംഭവം. സംഭവത്തിനു ശേഷം ഒളിവിൽ പോയ സനുദേവിനെ 24 മണിക്കൂറിനുള്ളിൽ ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാന്റിൽനിന്നു പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കടയിൽനിന്നു സാധനം വാങ്ങി മടങ്ങുകയായിരുന്ന മിഥുന്റെ മാതാവിനെ സനുദേവ് സംഭവദിവസം അസഭ്യം പറഞ്ഞതാണു പ്രശ്നങ്ങൾക്കു തുടക്കം. ഇതു ചോദിക്കാനെത്തിയ മിഥുനും സനുദേവും തമ്മിൽ തർക്കവും അടിപിടിയുമുണ്ടായി. ഇതിനിടയിലാണ് മിഥുന്റെ നെഞ്ചിൽ സനുദേവ് മത്സ്യം വെട്ടുന്ന കത്തി കൊണ്ട് കുത്തിയത്.
ഓടിക്കൂടിയ ആളുകൾ മിഥുനെ തുറവൂർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനു പൊലീസ് അപേക്ഷ നൽകും. തുടർന്നു തെളിവെടുപ്പും നടത്തുമെന്നു പൊലീസ് അറിയിച്ചു.
മത്സ്യവിൽപ്പനയും പച്ചക്കറിവിൽപ്പനയും നടത്തിവരുകയായിരുന്നു മിഥുനും സനുദേവും. പച്ചക്കറിക്കടയിൽ സഹായിയാണ് മിഥുൻ. ഇരുവരും തമ്മിൽ രണ്ടുവർഷം മുൻപും അടിപിടി ഉണ്ടായിട്ടുണ്ടെന്നും അന്ന് കേസ് എടുത്തിരുന്നെന്നും പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ