കണ്ണൂർ: കാലടി സംസ്‌കൃത സർവകലാശാലയിൽ എസ്. എഫ്. ഐ വനിതാനേതാവ് പി. എച്ച്.ഡി പ്രവേശനം നേടിയത് അനധികൃത മാർഗങ്ങളിലൂടെയാണെന്ന് കെ. എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. കണ്ണൂർ ഡി.സി.സിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി സർക്കാരിന്റെ കാലത്ത് നടന്ന മറ്റെല്ലാ നിയമനങ്ങൾ പോലെ ഇതും അടിമുടി ക്രമക്കേടുകൾ നിറഞ്ഞതാണ്. പയ്യന്നൂർ കോളേജ് യൂനിയൻ മുൻ ഭാരവാഹിയായിരുന്ന എസ്. എഫ്. ഐ വനിതാ നേതാവ് വിദ്യയാണ് വളഞ്ഞ വഴിയിലൂടെ 2019-ൽ യോഗ്യതകൾ മറികടന്നുകൊണ്ടു അനധികൃത നിയമനം നേടിയത്. ഇപ്പോഴത്തെ വ്യവസായ മന്ത്രി പി.രാജീവാണ് യോഗ്യതയില്ലാത്ത വിദ്യയ്ക്കായി ഇടപെട്ടത്.

വൈസ് ചാൻസലർ അടക്കമുള്ളവരെ ഇതിനായി സി.പി. എം നേതാക്കൾ സ്വാധീനിച്ചു. സംവരണവും യോഗ്യതാ മാനദണ്ഡങ്ങളും അട്ടിമറിച്ചു കൊണ്ടാണ് വിദ്യയ്ക്ക് കാലടി സർവകലാശാലയിൽ പ്രവേശനം ലഭിച്ചത്. റിസർച്ച് കമ്മിറ്റി തയ്യാറാക്കിയ 10 പേരുടെ പട്ടികയിൽ വിദ്യയുടെ പേരുണ്ടായിരുന്നില്ല .വിദ്യയ്ക്കായി അഞ്ചു പേരെക്കൂടി അധികമായി ഉൾപ്പെടുത്തുകയായിരുന്നു. നഗ്നമായക്രമക്കേടാണ് ഇതുസംബന്ധിച്ചു നടന്നത്. ഇതിന്റെ എല്ലാരേഖകളും കൈവശമുണ്ട്.

വിദ്യയുടെ പി. എച്ച്. ഡി പ്രവേശനത്തിനെതിരെ കെ. എസ്.യു നിയമനടപടി സ്വീകരിക്കുമെന്നും ഷമ്മാസ് പറഞ്ഞു. എസ്. എഫ്. ഐയുടെ സംസ്ഥാനസെക്രട്ടറി പി. എം ആർഷയോയും വിദ്യയ്ക്കായി ഇടപെട്ടിട്ടുണ്ട്. ഇവർ തമ്മിൽ മാനദണ്ഡങ്ങൾ അട്ടിമറിക്കുന്നതിനായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും ഷമ്മാസ് പറഞ്ഞു. മഹാരാജാസ് കോളേജിലെ വ്യാജരേഖാ വിവാദത്തിൽ എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ പങ്ക് ഇതിനകം വ്യക്തമായതാണ്. കാലടി സർവകലാശാലയിലേക്ക് വ്യാജരേഖ ചമയ്ക്കുന്നതിനായി വിദ്യയെ എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറി സഹായിച്ചിട്ടുണ്ട്. മന്ത്രി പി.രാജീവിന്റെ അറിവോടെയാണ് ഈക്കാര്യം നടന്നതെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.