- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
കോലഞ്ചേരി: കൈയിൽ പണമില്ലാതിരുന്നതിനാൽ ഓട്ടോക്കൂലി കടം പറഞ്ഞയാൾ 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് പണം നൂറിരട്ടിയായി തിരികെ നൽകി. ഓട്ടോക്കൂലി നൽകാൻ കൈയിൽ പണം ഇല്ലെന്ന് പറഞ്ഞിട്ടും സ്‌നേഹ വായ്‌പ്പയോടെ പെരുമാരിയ കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവർ വല്യത്തുട്ടേൽ ബാബുവിനാണ് അപ്രതീക്ഷിത സ്‌നേഹസമ്മാനം ലഭിച്ചത്.
എസ്.ആർ. അജിത് എന്നയാളാണ് പഴയ കടം വീട്ടാൻ തേടിപ്പിടിച്ച് ബാബുവിന്റെ വീട്ടിലെത്തിയത്. കടം പറഞ്ഞ ഓട്ടോക്കൂലിയായ നൂറ് രൂപയ്ക്ക് പകരം 10,000 രൂപ തിരികെ നൽകി. എസ്.ആർ. അജിത് എന്നയാൾ താൻ 1993ൽ മൂവാറ്റുപുഴ പട്ടിമറ്റം പാതയിലെ മംഗലത്തുനടയിൽ നിന്ന് മൂവാറ്റുപുഴയിലേക്ക് ഓട്ടോ വിളിച്ചതും കയ്യിൽ പണമില്ലാത്തതിനാൽ കൂലി പിന്നെ തരാമെന്നും പറഞ്ഞതും ഓർമയുണ്ടോയെന്നും ചോദിച്ചപ്പോഴാണു സംഭവം ബാബു ഓർമയിൽ വന്നത്.
ദീർഘകാലമായി ബാബുവിനായുള്ള അന്വേഷണത്തിലായിരുന്നു അജിത്ത്. ചങ്ങനാശേരിയിലെ ബിഎഡ് പഠനകാലത്ത് മംഗലത്തുനടയിലുള്ള സഹപാഠിയുടെ വീട്ടിലെത്തി മടങ്ങുമ്പോഴാണ് അജിത് ബാബുവിന് കടക്കാരനായത്. അജിത്തിന് തിരികെ പോകാൻ മൂവാറ്റുപുഴയിലേക്കു ബസ് കിട്ടിയില്ല. കയ്യിലാണെങ്കിൽ ബസ് കൂലി മാത്രവും. അതിനാലാണ് ഓട്ടോക്കൂലി കടം പറഞ്ഞത്. ഏറെ നാളത്തെ അന്വേഷണങ്ങൾക്കു ശേഷമാണു ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞതെന്നും അതിനാലാണ് പണം നൽകാൻ വൈകിയതെന്നും അജിത് അറിയിച്ചു.