തിരുവനന്തപുരം: സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയും എറണാകുളം സ്വകാര്യ കമ്പനി ജീവനക്കാരിയുമായ പൂവാർ പുത്തൻകട ജോയി ഭവനിൽ രാഖി മോളെ (30) കൊലപ്പെടുത്തിയ കേസിൽ നിഷ്ഠൂര കൃത്യം ചെയ്ത പ്രതികൾക്ക് തൂക്കുകയർ നൽകണമെന്ന് സർക്കാർ ബോധിപ്പിച്ചു. ശിക്ഷയെക്കുറിച്ചുള്ള വാദത്തിനിടെയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. അതേ സമയം വൃദ്ധരായ മാതാപിതാക്കളുടെ ഏകാശ്രയം തങ്ങളാണെന്നും യുവാക്കളായ തങ്ങൾക്ക് മാനസാന്തരത്തിന് കുറഞ്ഞ ജയിൽ ശിക്ഷ നൽകണമെന്നും പ്രതികൾ ബോധിപ്പിച്ചു. തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ. സെഷൻസ് കോടതിയുടെ ചുമതല വഹിക്കുന്ന ആറാം അഡീ.ജഡ്ജി കെ.വിഷ്ണുവാണ് വിധി പ്രാഖ്യാപിക്കുന്നത്.

കഴിഞ്ഞ ദിവസം 3 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധി ഉച്ചക്ക് പ്രഖ്യാപിക്കും. കേസിലെ ഒന്നു മുതൽ മൂന്നു വരെ പ്രതികളായ വെള്ളറട അമ്പൂരി തട്ടാംമുക്ക് അശ്വതി ഭവനിൽ നിന്നും ഡൽഹിയിൽ ആർമി ഡ്രൈവർ കം മെക്കാനിക്കായ അഖിൽ. ആർ. നായർ (25) , അഖിലിന്റെ ജ്യേഷ്ഠൻ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ രാഹുൽ. ആർ. നായർ (27) , അയൽവാസിയും സുഹൃത്തുമായ കളിയൽ സ്വദേശി ആദർശ്. എസ്. നായർ (28) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

178 രേഖകൾ കോടതി തെളിവിൽ സ്വീകരിച്ചു. 92 തൊണ്ടിമുതലുകൾ തെളിവിൽ സ്വീകരിച്ചു. 94 സാക്ഷി മൊഴികളും പരിശോധിച്ച കോടതി തെളിവു മൂല്യം വിലയിരുത്തിയാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 3 പ്രതികളെ വീണ്ടും 9 ന് ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു. രണ്ടാം പ്രതി ജാമ്യത്തിലായിരുന്നു. ഇയാളെക്കൂടി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാൽ കോടതി റിമാന്റ് ചെയ്യുകയായിരുന്നു.