തിരുവനന്തപുരം: തലസ്ഥാന തീരദേശ മേഖല കേന്ദ്രീകരിച്ച് വിൽപ്പനക്കായി 259.75 ഗ്രാം മാരക എം.ഡി.എം. എ ലഹരിമരുന്ന് കടത്തിയ കേസിൽ തിരുവനന്തപുരം ജില്ലയിലെ തീരദേശപ്രദേശങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ടോണിൻ ടോമിയടക്കം മൂന്ന് യുവാക്കളെ റിമാന്റ് ചെയ്തു. എറണാകുളം-അങ്കമാലി സ്വദേശി ടോണിൻ ടോമി (29), പുതിയതുറ സ്വദേശികളായ സച്ചു എന്ന് വിളിക്കുന്ന സജൻ (32), എബിൻ യൂജിൻ (26) എന്നിവരെയാണ് റിമാന്റ് ചെയ്തത്.

തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടാണ് പ്രതികളെ 14 ദിവസത്തേക്ക് ജില്ലാ ജയിലിൽ റിമാന്റ് ചെയ്തത്. റിമാന്റ് ചെയ്ത ശേഷം മജിസ്‌ട്രേട്ട് കേസ് റെക്കോർഡുകൾ ജില്ലാ കോടതിക്ക് ട്രാൻസ്ഫർ ചെയ്തു. 1985 ലെ നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമപ്രകാരം എംഡിഎംഎ 0. 5 ഗ്രാം ചെറിയ അളവും 10 ഗ്രാം മുതൽ വാണിജ്യ അളവുമാണ്. പിടിച്ചെടുത്ത തൊണ്ടിമുതൽ 0.5 ഗ്രാമിന് മുകളിലുള്ള അളവായതിനാലാണ് കേസ് റെക്കോർഡുകൾ ജില്ലാ കോടതിക്ക് സമർപ്പിച്ചത്.

ചൊവ്വര, ആഴിമല, പുതിയതുറ മേഖലകളിൽ പരിശോധന നടത്തിയതിൽ സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടു വരവേ പുതിയതുറ ഭാഗത്തു നിന്നാണ് ടോണിൻ ടോമിയടക്കമുള്ളവരെ പിടികൂടിയത്. കൊലപാതകം, മയക്കുമരുന്ന് കേസ് തുടങ്ങി പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ. ജൂൺ 10 ന് നടന്ന വന്മയക്കുമരുന്ന് വേട്ടയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്നു യുവാക്കളെയാണ് എക്‌സൈസ് പിടികൂടിയത്.

എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി.എൽ. ഷിബുവിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. അളവനുസരിച്ചാണ് ശിക്ഷയും വിചാരണ കോടതിയും നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.