- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിഹാലിന്റെ മരണം: തെരുവുനായ്ക്കളെ വിഷം വച്ചുകൊല്ലണമെന്ന് സോഷ്യൽ മീഡിയയിലൂടെ നാറാത്ത് പഞ്ചായത്തംഗത്തിന്റെ ആഹ്വാനം; പ്രതിഷേധവുമായി മൃഗസ്നേഹികൾ; നിലപാടിൽ ഉറച്ച് സൈഫുദ്ദീൻ
കണ്ണൂർ: തെരുവുനായ്ക്കൾ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ നിഹാലെന്ന പതിനൊന്നുവയസുകാരനെ കടിച്ചുകൊന്ന പശ്ചാത്തലത്തിൽ തെരുവുനായകളെ വിഷം വെച്ചുകൊല്ലാൻ സോഷ്യൽ മീഡയിയിലൂടെ ആഹ്വാനം ചെയ്ത നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവന വിവാദമായി. നാറാത്ത് ഗ്രാമപഞ്ചായത്തംഗം സൈഫുദ്ദീനാണ് സോഷ്യൽ മീഡിയയിലൂടെ തെരുവുനായ്ക്കളെ വിഷം വെച്ചുകൊല്ലാൻ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്തത്.
മുഴപ്പിലങ്ങാട് പഞ്ചായത്തിന് സമാനമായി നാറാത്തും എല്ലാസ്ഥലങ്ങളിലും തെരുവ്നായ ശല്യം അതിരൂക്ഷമാണ്. സ്‌കൂൾ, മദ്രസ കുട്ടികൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. നാറാത്ത് പഞ്ചായത്തിൽ ഇതുവരെയായി പതിനഞ്ചു പേർക്ക് തെരുവ്നായകളുടെ കടിയേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിൽ തെരുവുനായ്ക്കൾ കുട്ടികളെ അക്രമിക്കുന്നതു തടയുന്നതിനായി യുവാക്കൾ തെരുവുനായ്ക്കളെ കൊല്ലാൻ രംഗത്തുവരണമെന്ന് സൈഫുദ്ദീൻ ആവശ്യപ്പെടുകയായിരുന്നു.
ജില്ലാപഞ്ചായത്തിനും സംസ്ഥാനസർക്കാരിനും ഈക്കാര്യത്തിൽ പരിഹാരം കാണാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ യുവാക്കൾ രംഗത്തിറങ്ങിയാൽ നടക്കുമെന്നും സൈഫുദ്ദീൻ നാറാത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റു ചെയ്ത വീഡിയോയിൽ വ്യക്തമാക്കുന്നു. ഇതിനെതിരെ മൃഗസ്നേഹികളിൽ നിന്നും സാമൂഹികപ്രവർത്തകരിൽ നിന്നും അതിരൂക്ഷമായ വിമർശനമാണ് ഉയരുന്നത്. എങ്കിലും വിമർശനങ്ങളെ ഗൗനിക്കാതെ താൻ പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്ന നിലപാടിലാണ് സൈഫുദ്ദീൻ നാറാത്ത്.




