- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനെത്തിയ മകൾക്ക് കൂട്ടിനെത്തിയ വീട്ടമ്മയെ പാമ്പു കടിച്ചു; ലതയെ അണലി കടിച്ചത് രാത്രിയിൽ നിലത്ത് ഷീറ്റ് വിരിച്ച് കിടന്നുറങ്ങവെ
തളിപ്പറമ്പ്: താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനെത്തിയ മകൾക്ക് കൂട്ടിനെത്തിയ വീട്ടമ്മയ്ക്ക് പാമ്പ് കടിച്ചു. ചെമ്പേരി വെള്ളേൻപറമ്പിൽ ലതയെയാണ് (55) ഉറക്കത്തിനിടയിൽ പാമ്പുകടിച്ചത്. അണലിക്കുഞ്ഞാണ് ഇവരെ കടിച്ചത്. തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ അപകടനില തരണം ചെയ്തു. ലതയുടെ കയ്യിലാണു കടിയേറ്റത്. വെള്ളിയാഴ്ച അർധരാത്രിയായിരുന്നു സംഭവം.
പേവാർഡിൽ നിലത്ത് ഷീറ്റ് വിരിച്ച് കിടന്ന ലതയെ പുറത്ത് നിന്നും ഇഴഞ്ഞെത്തിയ പാമ്പ് കടിക്കുകയായിരുന്നു. ഇവർ ബഹളം വച്ചതിനെ തുടർന്ന് സുരക്ഷാ ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് അണലി പാമ്പിന്റെ കുഞ്ഞിനെ വാർഡിനുള്ളിൽ കണ്ടെത്തിയത്. പേ വാർഡിന്റെ സമീപത്തുള്ള ഓവുചാലിൽ നിന്നെത്തിയ പാമ്പ് വാതിലിന്റെ വിടവിൽ കൂടി അകത്ത് കടന്നതാണെന്നു സംശയിക്കുന്നു.
വാർഡിനുള്ളിൽ പാമ്പ് കടിയേറ്റ സംഭവം ഉണ്ടായതിനെ തുടർന്ന് അനിമൽ റെസ്ക്യൂവർമാരുടെ സഹായത്തോടെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിയെങ്കിലും വേറെ പാമ്പുകളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി വാർഡുകളുടെ പരിസരത്തുള്ള കാട് രണ്ട് ദിവസം മുൻപു തെളിച്ചിരുന്നു. ഇവിടെ നിന്നാവും പാമ്പ് എത്തിയതെന്നാണ് കരുതുന്നത്.