പത്തനംതിട്ട: മ്ലാവിനെ വേട്ടയാടിയ കേസിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തോക്കുമായി ഹാജരാകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വയോധികൻ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചുവെന്ന് പരാതി. കോന്നി പൂച്ചക്കുളം സ്വദേശി രാധാകൃഷ്ണനാ(61)ണ് തൂങ്ങിമരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്ന് രാധാകൃഷ്ണൻ ജീവനൊടുക്കുകയായിരുന്നുവെന്ന് സഹോദരി ആരോപിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മ്ലാവിനെ വേട്ടയാടിയ കേസിൽ കുറേ ദിവസങ്ങളായി വനപാലകർ രാധാകൃഷ്ണന് പിന്നാലെയുണ്ടായിരുന്നുവെന്ന് പറയുന്നു. നാളെ തോക്കുമായി ഫോറസ്റ്റ് സ്റ്റേഷനിൽ ഹാജരാകാൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് സഹോദരി പറയുന്നത്. തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് രാധാകൃഷ്ണൻ ഫോറസ്റ്റുകാരോട് ആവർത്തിച്ച് പറഞ്ഞിരുന്നുവത്രേ. കുറ്റം തെളിയിക്കാൻ വേണ്ടി ഫോറസ്റ്റ് ഉദ്യോഗസ്ഥർ രാധാകൃഷ്ണനെ ഇന്നലെ മർദ്ദിച്ചിരുന്നുവെന്ന് സഹോദരി പറഞ്ഞു. ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിൽ തോക്കുമായി നാളെ ഹാജരാകാനാണ് രാധാകൃഷ്ണനോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നത്.