കൊണ്ടോട്ടി: സംസ്ഥാനത്തെ മൂന്ന് ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളിൽനിന്നുമുള്ള തീർത്ഥാടകരുടെ യാത്രകൾ പൂർത്തിയായി. സമാപന ദിവസമായ വ്യാഴാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് മൂന്ന് വിമാനങ്ങളിലായി 378 തീർത്ഥാടകർ യാത്രയായി. ഇതിൽ 193 പേർ പുരുഷന്മാരും 185 പേർ സ്ത്രീകളുമാണ്. കരിപ്പൂരിൽനിന്ന് യാത്ര പുറപ്പെട്ടവരിൽ മഹാരാഷ്ട്രയിലെ അഞ്ചുപേരും കർണാടകയിലെ എട്ടുപേരും തമിഴ്‌നാട്ടിലെ മൂന്നുപേരും ഉൾപ്പെടും.

കണ്ണൂരിൽനിന്ന് ഒരു വിമാനമാണ് വ്യാഴാഴ്ചയുണ്ടായിരുന്നത്. ഇതിൽ 77 സ്ത്രീകളും 68 പുരുഷന്മാരുമുൾപ്പെടെ 145 പേർ മക്കയിലേക്ക് യാത്രയായി. കൊച്ചിയിൽനിന്ന് പ്രത്യേക വിമാനങ്ങളിലല്ലാതെ 19 പേരും ഹജ്ജ് തീർത്ഥാടനത്തിനായി പുറപ്പെട്ടു. ഇവരിൽ 10 പേർ സ്ത്രീകളും ഒമ്പതുപേർ പുരുഷന്മാരുമാണ്. ഇതോടെ സംസ്ഥാനത്തുനിന്നുള്ള ഹജ്ജ് പുറപ്പെടലുകൾക്ക് സമാപനമായി.

കരിപ്പൂർ, കണ്ണൂർ, കൊച്ചി എന്നീ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിൽനിന്നായി സംസ്ഥാനത്തുനിന്ന് 11,252 തീർത്ഥാടകരാണ് മക്കയിലെത്തിയത്. ഇവരിൽ 6899 പേർ വനിതകളും 4353 പേർ പുരുഷന്മാരുമാണ്. 69 വിമാനങ്ങൾ മൂന്ന് കേന്ദ്രങ്ങളിൽനിന്നായി ഹജ്ജ് തീർത്ഥാടനത്തിന് മാത്രമായി സർവിസ് നടത്തി.

പ്രധാന പുറപ്പെടൽ കേന്ദ്രമായ കരിപ്പൂരിൽനിന്ന് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ 49 വിമാനങ്ങളും കണ്ണൂരിൽനിന്ന് 14 വിമാനങ്ങളും കൊച്ചിയിൽനിന്ന് സൗദി എയർലൈൻസിന്റെ ആറ് വിമാനങ്ങളുമാണ് ഹജ്ജ് തീർത്ഥാടകരുടെ പുറപ്പെടലിനായി സജ്ജമാക്കിയിരുന്നത്.തീർത്ഥാടകരുടെ യാത്ര പൂർത്തിയായതോടെ ഹജ്ജ് ക്യാമ്പുകളുടെ പ്രവർത്തനത്തിന് താൽക്കാലിക സമാപനമായി. ഹജ്ജ് അനുഷ്ഠിച്ച തീർത്ഥാടകർ ജൂലൈ 13 മുതൽ സംസ്ഥാനത്ത് എത്തിത്തുടങ്ങും.