മാവേലിക്കര: ട്രോളിങ് നിരോധനത്തെത്തുടർന്നു കേരളത്തിൽ മത്സ്യലഭ്യത കുറഞ്ഞതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ പഴകിയ മത്സ്യങ്ങൾ കേരളത്തിലേക്ക് എത്തുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ചീഞ്ഞളിഞ്ഞ മീനുകൾ കേരളത്തിലേക്കെത്തുകയാണ്. കല്ലുമല, കൊല്ലകടവ് ചന്തകളിൽ നിന്നു മാത്രം ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ 235 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്നലെ 1570 കിലോ പഴകിയ മീൻ പിടിച്ചെടുത്തിരുന്നു. ഒഡീഷയിലെ ബാലസോറിൽ നിന്നും എത്തിയ മീനാണ് ഭക്ഷ്യ സുരക്ഷാ വഭാഗം പിടികൂടി നശിപ്പിച്ചത്.

'ഓപ്പറേഷൻ മത്സ്യ'യുടെ ഭാഗമായി ഭക്ഷ്യസുരക്ഷ, ആരോഗ്യ, ഫിഷറീസ് വകുപ്പുകൾ ചേർന്നാണു ഭക്ഷ്യസുരക്ഷ മൊബൈൽ ലാബിന്റെ സഹായത്തോടെ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കല്ലുമല ചന്തയിൽ നിന്നു 155 കിലോയും കൊല്ലകടവിൽ നിന്നു 80 കിലോയും പഴകിയ മത്സ്യമാണു പിടിച്ചെടുത്തത്. കൊല്ലകടവിൽ നിന്നു സിലോപ്പിയ, കിളിമീൻ, കല്ലുമലയിൽ നിന്നു കേര, മോദ, വറ്റ, വിളമീൻ, ചൂര എന്നിവയാണു പിടിച്ചെടുത്തത്. വലിയ മത്സ്യങ്ങളുടെ ബിൽ വ്യാപാരികളുടെ പക്കൽ ഇല്ലായിരുന്നു.

കൊല്ലകടവിൽ നിന്നു പിടിച്ചെടുത്ത സിലോപ്പിയ തമിഴ്‌നാട്ടിൽ നിന്നും കല്ലുമലയിലേതു പൂന്തുറയിൽ നിന്നും ലഭിച്ചതാണെന്നാണ് ഇവർ ഉദ്യോഗസ്ഥരോടു പറഞ്ഞത്. വ്യാപാരികൾക്കു നോട്ടിസ് നൽകി. തമിഴ്‌നാട്ടിൽ ട്രോളിങ് അവസാനിച്ചതിനാൽ അവിടെ നിന്നു മങ്കട, അയല പോലുള്ള ചെറിയ മീനുകളാണു പൊതുവേ കേരളത്തിലെത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന വലിയ മത്സ്യങ്ങൾ പഴകിയവയാകാനാണു സാധ്യത കൂടുതലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേരള തീരത്തു ട്രോളിങ് ആയതിനാൽ രണ്ട് ആഴ്ചയ്ക്കിടെ മൂന്ന് തവണ കല്ലുമലയിൽ പരിശോധന നടത്തിയിരുന്നു.