തിരുവനന്തപുരം: ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. നിർമ്മാണം പൂർത്തീകരിച്ച ഇഎംഎസ് ഹാളിന്റെയും ഇതര പദ്ധതികളുടെയും ഉദ്ഘാടനം കേരള സർവകലാശാല കാര്യവട്ടം കാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വാർഷിക ബജറ്റിൽ ആയിരം കോടി രൂപ അനുവദിക്കുന്ന സംസ്ഥാനമാണ് കേരളം. അടിസ്ഥാന സൗകര്യവികസനവും അക്കാദമിക മേഖലയുടെ വിപുലീകരണവും ഉന്നത വിദ്യാഭ്യാസ രംഗത്ത് വേഗത്തിൽ നടക്കുകയാണ്.

രാജ്യത്തെ ആദ്യ പത്ത് സർവകലാശാലകളിൽ കേരള സർവകലാശാല എത്തുക എന്നതാണ് ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇന്റലിജൻസടക്കമുള്ള പുത്തൻ മേഖലകളെയടക്കം ഉൾപ്പെടുത്തി ഗവേഷണ മേഖലയെ വിപുലീകരിക്കുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ പുരോഗമന മുന്നേറ്റവും, സാമ്പത്തിക വളർച്ചയും സാധ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.