- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പൂരിൽ യുവാവിനെ വെടിവെച്ചു കൊന്ന ശേഷം തലവെട്ടിയെടുത്ത് പ്രദർശിപ്പിച്ചു; കാങ്പോക്പിയിലും ബിഷ്ണുപുരിലും ഏറ്റുമുട്ടൽ തുടരുന്നു: സ്കൂളുകൾ തുറന്നെങ്കിലും എത്തിയത് വിരലിലെണ്ണാവുന്ന കുട്ടികൾ
ഇംഫാൽ: മണിപ്പൂരിൽ യുവാവിനെ വെടിവെച്ചു കൊന്ന ശേഷം തലവെട്ടിയെടുത്ത് പ്രദർശിപ്പിച്ചു. ഹമാർ യുവാവിന്റെ തലയാണ് വെട്ടിയെടുത്തത്. ഡേവിഡ് ടീക്ക് എന്ന യുവാവിനെയാണ് വെടിവെച്ചു കൊന്നത്. ബിഷ്ണുപുരിനും ചുരാചന്ദ്പുരിനും മധ്യേയുള്ള ഹമാർ-കുക്കി ഗ്രാമമായ ലങ്സയ്ക്കു കാവൽ നിൽക്കുമ്പോഴാണ് ആക്രമിസംഘം വെടിവച്ചുകൊന്ന ശേഷം തലയറുത്ത് പ്രദർശിപ്പിച്ചത്. മെയ്തെയ് ഭൂരിപക്ഷപ്രദേശത്തിനു സമീപത്തുള്ള ലങ്സയിലെ മിക്ക വീടുകൾക്കും നേരത്തേ തീയിട്ടിരുന്നു.
ഇതേ തുടർന്ന് ജനങ്ങൾ മുഴുവൻ പലായനം ചെയ്തു. ബാക്കിയുള്ള വീടുകൾക്ക് കാവൽനിൽക്കുകയായിരുന്നു ഡേവിഡ് ഉൾപ്പെടെയുള്ള നാലംഗ കുക്കി-ഹമാർ ഗ്രാമ സംരക്ഷണ സേന. ഈ സമയത്ത് എത്തിയ ആക്രമകാരികളാണ് ഡേവിഡിനെ വെടിവെച്ചു കൊന്ന ശേഷം തലയറുത്തത്. കുക്കി ഗോത്രമേഖലയായ ചുരാചന്ദ്പുരിൽ ഇന്നലെ ഗോത്ര വിഭാഗക്കാരുടെ വന്റാലി നടന്നു. വംശീയ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ പ്രതീകാത്മകമായി പ്രദർശിപ്പിച്ച 100 ശവപ്പെട്ടിക്കു മുൻപിൽ മുവായിരത്തിലധികം ഗോത്രവിഭാഗക്കാർ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചു.
സ്കൂളുകൾ ഇന്നലെ മുതൽ തുറന്നെങ്കിലും കുട്ടികൾ ഇല്ലാത്ത അവസ്ഥയാണ്. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകൾ ആരംഭിച്ചെങ്കിലും ഹാജർ നാമമാത്രമായിരുന്നു. ഇംഫാൽ നഗരത്തിലെയും നാഗാ ഗോത്ര മേഖലയിലെയും ഏതാനും സ്കൂളുകൾ മാത്രമാണ് തുറന്നത്. സർക്കാർ ഓഫിസുകൾ തുറന്നെങ്കിലും പ്രശ്നബാധിത പ്രദേശങ്ങളിൽ ഭൂരിപക്ഷം ഓഫിസും അടഞ്ഞുകിടക്കുകയാണ്.
ഇതേസമയം, കാങ്പോക്പി ജില്ലയിലെ ഗംഗിഫായിയിൽ തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലും കുക്കി ഗ്രാമ വോളണ്ടിയർമാരും തമ്മിൽ വെടിവയ്പുണ്ടായി. ഇരുഭാഗത്തും ആളപായമില്ല. കാങ്പോക്പിയിലും ബിഷ്ണുപുരിലും കഴിഞ്ഞ 2 ദിവസമായി ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനിടെ, കലാപം അന്വേഷിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി.
സിപിഎം, സിപിഐ പ്രതിനിധി സംഘം ഇന്നു മുതൽ 8 വരെ കലാപ മേഖലയിൽ സന്ദർശനം നടത്തും. എംപിമാരായ ജോൺ ബ്രിട്ടാസ്, ബികാഷ്രഞ്ജൻ ഭട്ടാചാര്യ (സിപിഎം), ബിനോയ് വിശ്വം, പി.സന്തോഷ് കുമാർ, കെ.സുബ്ബരായൻ (സിപിഐ) എന്നിവരാണു സംഘത്തിലുള്ളത്. മണിപ്പുരിൽ നടക്കുന്ന വംശീയ കലാപത്തെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് കേരള കോൺഗ്രസ് (മാണി) ചെയർമാൻ ജോസ് കെ.മാണി, വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എന്നിവർ ആവശ്യപ്പെട്ടു.