കണ്ണൂർ: ഇന്ത്യൻ ഫുട്ബോൾ താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരം റെസ ഫർഹത്താണ് വധു. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് താരമായ സഹലിന്റെ വിവാഹത്തിൽ സഹതാരങ്ങളായ രാഹുൽ കെ.പി സച്ചിൻ സുരേഷ് തുടങ്ങിയവർ വിവാഹത്തിന് എത്തിയിരുന്നു. 2022 ജൂലായ് നാലിനായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം.

ക്ലബ്ബിലെയും ഇന്ത്യൻ ടീമിലെയും സഹതാരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനുമായി സഹൽ പ്രത്യേകം വിവാഹസൽക്കാരം നടത്തുമെന്നാണ് സൂചന. ഇന്ത്യയുടെ സാഫ് കപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചതിന് പിന്നാലെയാണ് സഹലിന് വിവാഹത്തിന്റെ ഇരട്ടി മധുരവുമെത്തിയത്. സാഫ് കപ്പ് ഫൈനലിൽ കുവൈറ്റിനെതിരെ ഇന്ത്യക്ക് ലാലിയൻസുവാല ചാംഗ്‌തേ സമനില ഗോൾ സമ്മാനിച്ചത് സഹലിന്റെ അസിസ്റ്റിൽ നിന്നായിരുന്നു.

അതേസമയം ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ സഹൽ ബ്ലാസ്റ്റേഴ്സ് വിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അറ്റാക്കിങ് മിഡ്ഫീൽഡറായി തിളങ്ങുന്ന സഹൽ 2017-ലാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുന്നത്. ക്ലബ്ബിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ചതിന്റെ റെക്കോർഡ്(97) സഹലിന്റെ പേരിലാണ്. ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിനായി പത്തു ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് സഹലിന്റെ നേട്ടം. കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് റെക്കോഡ് തുകയുമായി സഹലിനായി രംഗത്തുള്ളത്.

ഇന്റർ കോണ്ടിനെന്റൽ, സാഫ് കപ്പ് ടൂർണമെന്റുകളിൽ ഇന്ത്യയുടെ കിരീടവിജയത്തിൽ നിർണായക സാന്നിധ്യമായിരുന്നു സഹൽ. ഇന്ത്യൻ കുപ്പായത്തിൽ 30 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, സഹൽ സൗദി പ്രോ ലീഗിലേക്കു പോകുമെന്ന തരത്തിലും റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ 2025വരെ സഹലുമായി കേരളാ ബ്ലാസ്റ്റേഴ്‌സിന് കരാറുണ്ട്. സഹലിനെ സ്വന്തമാക്കണമെങ്കിൽ വൻതുക ട്രാൻസ്ഫർ ഫീ ആയി കേരള ബ്ലാസ്റ്റേഴ്‌സിന് നൽകേണ്ടിവരും.