കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ എം ശിവശങ്കറിന്റെ ജാമ്യേപേക്ഷ തള്ളി ഹൈക്കോടതി. അവസാന പരിഹാരമായാണ് ശസ്ത്രക്രിയ ശുപാർശ ചെയ്യുന്നതെന്ന് ശിവശങ്കർ അറിയിച്ചു. എന്നാൽ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നില്ലല്ലോ എന്ന് കേസ് പരിഗണിച്ചപ്പോൾ കോടതി ചോദിച്ചു. മെഡിക്കൽ റിപ്പോർട്ടിൽ സംശയം ഉണ്ടെന്നു ഇഡിയുടെ അഭിഭാഷകൻ പറഞ്ഞു.

ആറ് തവണ എംആർഐ നടത്തിയെന്ന് ശിവശങ്കർ പറഞ്ഞു. ശിവശങ്കർ ഏതു നിമിഷവും മരണപ്പെട്ടേക്കാം എന്ന് അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. എന്നാൽ അത്തരം കാര്യങ്ങൾ മെഡിക്കൽ റിപ്പോർട്ടിലില്ലല്ലോയെന്ന് കോടതി ചോദിച്ചു.സുപ്രിംകോടതി കേസ് എടുത്തല്ലോ പിന്നെന്തിനാണ് ഈ ഹർജി പ്രോത്സാഹിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.

പ്രത്യേക കോടതി അടിയന്തര ചികിത്സാ സാഹചര്യമില്ലെന്ന് നിരീക്ഷിച്ചല്ലേ ആവശ്യം തള്ളിയത്? അവധിക്ക് ശേഷം സുപ്രീം കോടതി പൂർണ തോതിൽ പ്രവർത്തിക്കുന്നുണ്ട്. ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കൂ എന്ന് കോടതി നിർദേശിച്ചു. ഇടക്കാല ജാമ്യം വിചാരണ കോടതി തന്നെ പരിഗണിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നെ എങ്ങനെ പരിഗണിക്കാനാകുമെന്ന് ചോദിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു