തലശേരി:നാദാപുരത്ത് ഡോക്ടറെ മർദ്ദിച്ച പ്രതികൾ അറസ്റ്റിൽ. കണ്ണൂർ ചൊക്ലി കരിയാട് സൗത്ത് സ്വദേശികളായ സനൂപ്, നവരംഗം വീട്ടിൽ ശരത് എന്നിവരാണ് പിടിയിലായത്. നാദാപുരം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു കേസിനാസ്പദമായ പ്രതികൾ ഡോക്ടറുടെ കോളറിൽ കയറി പിടിക്കുകയും മർദ്ദിക്കുകയായിരുന്നു. പൊലിസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം നടത്തിയത്.

ശരത് എന്ന പേരിലെടുത്ത ഒപി ടിക്കറ്റിൽ വന്നയാളും കൂടെയുണ്ടായിരുന്ന നാല് പേരും ആക്രമണം നടത്തിയെന്നായിരുന്നു പരാതി. ഇതിൽ രണ്ട് പേർക്ക് ചെവിയിൽ വേദന എന്ന് പറഞ്ഞായിരുന്നു എത്തിയത്. ഡോക്ടർ മരുന്ന് എഴുതി നൽകുകയും നെബുലൈസേഷന് നിർദേശിക്കുകയും ചെയ്തു. ഇതിനിടെ മറ്റൊരാൾ കൂടി തനിക്ക് ചെവിയിൽ വേദനയുണ്ടെന്ന് പറഞ്ഞതോടെ നഴ്സ് ഒപി ടിക്കറ്റെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഒപി ടിക്കറ്റെടുക്കാതെ മരുന്ന് എഴുതാനാകില്ലെന്ന് ഡോക്ടറും അറിയിച്ചു. ഇതിനെത്തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. പ്രതികൾക്കെതിരെ ജാമ്യമില്ലാകുറ്റം ചുമത്തിയാണ് പൊലിസ് കേസെടുത്തത്.