കണ്ണൂർ: കണ്ണൂരിൽ സി.പി. എമ്മിന് പുതിയ ആസ്ഥാനമന്ദിരം പണിയുന്നു. തളാപ്പിലെ അഴീക്കോടൻ മന്ദിരത്തിൽ നിന്നും സി.പി. എം ജില്ലാകമ്മിറ്റി ഓഫീസിന്റെ പ്രവർത്തനം അടുത്തയാഴ്‌ച്ച മാറ്റുമെന്ന് ജില്ലാസെക്രട്ടറി എം.വി ജയരാജൻ അഴീക്കോടൻ മന്ദിരത്തിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നൂറുവർഷത്തിലേറെ പഴക്കമുള്ളകെട്ടിടം പുതുക്കി പണിയുന്നത് കാലഘട്ടത്തിന്റെ അനിവാര്യമായ സംഗതിയാണെന്നു ജയരാജൻ ചൂണ്ടിക്കാട്ടി.

അഴീക്കോടൻ മന്ദിരം പുതുക്കി പണിയണമെന്നു നേരത്തെ ആവശ്യമുയർന്നതാണ്. അഴീക്കോടൻ ്‌രാഘവന്റെ രക്തസാക്ഷിത്വത്തിനു ശേഷമാണ് പാർട്ടി ജില്ലാകമ്മിറ്റിയുടെ ഓഫീസിനായി ഈ കെട്ടിടം വാങ്ങി പ്രവർത്തനം തുടങ്ങിയത്. ഏകദേശം ഒരുനൂറ്റാണ്ടിന്റെ പഴക്കമുള്ളതാണ് ഈ കെട്ടിടം. അന്നത്തെ സാങ്കേതിക വിദ്യയിൽ മികച്ചതാണെങ്കിലും പാർട്ടി പ്രവർത്തനം തുടങ്ങുന്നതിന് അൻപതുവർഷം മുൻപ് തന്നെ വീടായും മറ്റു പലതായും ഉപയോഗിച്ചതാണിത്.

ഒരു കാലഘട്ടത്തിൽ സി.പി. എമ്മിന്റെ വളർച്ചയിൽ നിർണായക സ്ഥാനം ഈ കെട്ടിടത്തിനുണ്ട്. പാർട്ടി ജില്ലാകമ്മിറ്റി ഓഫീസ് ഒരാഴ്‌ച്ചയ്ക്കകം മാറണമെന്നാണ് ഉദ്ദ്യേശിക്കുന്നത്. കെട്ടിടനിർമ്മാണത്തിന്റെ ഫണ്ടിനായി ജനങ്ങളെ സമീപിക്കും. ജനങ്ങളിൽ നിന്നും ഫണ്ടു ശേഖരിച്ചാണ് പണിപൂർത്തിയാക്കുക.തുടക്കത്തിൽ മറ്റുരീതിയിൽ ഫണ്ടുകണ്ടെത്തേണ്ടി വരും. മരം കൊണ്ടുള്ള എല്ലാകാര്യങ്ങളും തൂണ്, മച്ച്, മരം കൊണ്ടുള്ള വാതിലുൾ എല്ലാം പുതിയ കെട്ടിടത്തിന് ഉപയോഗിക്കാൻ ആർകിടെക്റ്ററോടും കരാറുകാരനോടുംആവശ്യപ്പെടുമെന്നും എം.വി ജയരാജൻ പറഞ്ഞു.

നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷിയായ അഴീക്കോടൻ മന്ദിരത്തിൽ നിന്നാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രഗത്ഭരായ കമ്യൂണിസ്റ്റു നേതാക്കളുടെ രാഷ്ട്രീയ വളർച്ചയുടെ തുടക്കം. ഇ.കെ നായനാർ, ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി ജയരാജൻ, എം.വി ഗോവിന്ദൻ തുടങ്ങിയ ഒട്ടേറെ നേതാക്കളുടെ വളർച്ചയുടെ കഥകളും സ്പന്ദനവും പഴയതറവാട്ടുവീടിന്റെ ഗരിമയുള്ള ഈ പാർട്ടി ഓഫീസിനുണ്ട്. കണ്ണൂർ പാറക്കണ്ടിയിലുള്ള കെട്ടിടത്തിലാണ് താൽക്കാലിക ജില്ലാകമ്മിറ്റി ഓഫീസ് പ്രവർത്തിക്കുക. ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

കണ്ണൂർ ജില്ലയുടെ സമഗ്രവികസനത്തിനായി ജൂലൈ 28,29 തീയ്യതികളിൽ നായനാർ അക്കാദമിയിൽ സി.പി. എം വികസന സെമിനാർ സംഘടിപ്പക്കുമെന്നും എം.വി ജയരാജൻ അറിയിച്ചു. 29ന് രാവിലെ പത്തുമണിക്ക് ഓപൺ ഫോറം സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയായി പങ്കെടുക്കും.

25 വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കി സെമിനാർ സംഘടിപ്പിക്കും, കാർഷിക മേഖല, കുടിയേറ്റമേഖല, ചരിത്രം തുടങ്ങി വ്യത്യസ്ത മേഖലകളെ കുറിച്ചുള്ള പഠനം സെമിനാർ അവതരിപ്പിക്കും 25 കോർ ഗ്രൂപ്പുകളിലായി 250 റിസർച്ച് സ്‌കോളേഴ്സ് അടങ്ങിയ കോർ ഗ്രൂപ്പുകൾ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ഏഴു സെഷനുകളിലായാണ സെമിനാർ നടത്തുക. ജൂലായ് 20വരെ അവസാനതീയ്യതി. അഞ്ഞൂറുരൂപയാണ് രജിസ്ട്രേഷൻ ഫീസ്.

കണ്ണൂർ ജില്ലയിൽ വികസനത്തെ ആസ്പദമാക്കിയുള്ള ഇരുന്നൂറിലേറെ പ്രബന്ധങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്രതിനിധികൾ അഞ്ഞൂറ് രൂപ അടച്ചു രജിസ്റ്റർ ചെയ്യും. ഓൺ ലൈനായി കക്ഷി രാഷ്ട്രീയത്തിനതീതമായി നാടിന്റെ വികസനം ലക്ഷ്യമാക്കുകയെന്ന ലക്ഷ്യമാണ് സെമിനാറിനുള്ളതെന്നും കേന്ദ്ര, കേരള സർക്കാരുകളുടെ ശ്രദ്ധയിൽ സെമിനാറിൽ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളുടെ സമഗ്രരൂപം കൊണ്ടുവരുമെന്നും എം.വി ജയരാജൻ പറഞ്ഞു.