കോയമ്പത്തൂർ /ചവറ: കോയമ്പത്തൂരിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വിദ്യാർത്ഥിനിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. ഇന്നലെ വൈകിട്ട് മൂന്നിനു നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിലാണ് സംസ്‌കാരം നടന്നത്. എസ്എൻഎസ് നഴ്‌സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയും നീണ്ടകര അമ്പലത്തിൻ പടിഞ്ഞാറ്റതിൽ പരേതനായ ഔസേപ്പിന്റെയും വിമല റാണിയുടെയും മകളുമായ ആൻസിയെ(19)യാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബന്ധുക്കൾ നൽകിയ പരാതിയിൽ കോയമ്പത്തൂർ കോവിൽപാളയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോളജിനു സമീപത്തുള്ള വാടക വീട്ടിൽ ആൻസിയുടെ ഒപ്പം താമസിച്ചിരുന്ന മലയാളികളായ നാലു വിദ്യാർത്ഥികളെ പൊലീസ് ചോദ്യം ചെയ്തു. ആൻസിയും ഇവരുമായി തർക്കമുണ്ടായതായി പൊലീസിനു വിവരം ലഭിച്ചു. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നു ബഹളം കേട്ടിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.