തിരുവനന്തപുരം: മദ്യപാനത്തിനിടെ പൊലീസിനെ കണ്ട് ഭയന്നോടിയ ആളിനെ സമീപത്തെ വീടിന്റെ പിൻവശത്തെ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ജനറൽ ആശുപത്രിക്കു സമീപം തമ്പുരാന്മുക്ക് കൈപ്പള്ളി നഗർ താര 226-ൽ പ്രകാശെന്ന ഹരിപ്രകാശിനെയാണ്(50) മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തിലേറെ പഴക്കമുണ്ട്.

വ്യാഴാഴ്ചയാണ് ഹരിപ്രകാശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രകാശിന്റെ വളർത്തുനായയുടെ കുര കേട്ട് വന്നുനോക്കുമ്പോഴാണ് ഹരിപ്രകാശിന്റെ അമ്മ അന്നമ്മ മകന്റെ മൃതദേഹം കാണുന്നത്. പ്രകാശിന്റെ വീടിനു സമീപത്തെ റിട്ട. അദ്ധ്യാപിക ജ്യോതിയുടെ വീടിനു പിന്നിലായാണ് മൃതദേഹം കണ്ടെത്തിയത്. പ്രകാശിന്റെ തലയ്ക്ക് പരിക്കേറ്റ പാടുണ്ട്. മൃതദേഹപരിശോധനാ ഫലം വന്നശേഷമേ മരണകാരണം വ്യക്തമാകൂയെന്ന് കന്റോൺമെന്റ് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി തമ്പുരാന്മുക്കിലെ ആളൊഴിഞ്ഞ വീടിന്റെ മുകളിലത്തെ നിലയിൽ രണ്ടുപേർ ഇരുന്ന് മദ്യപിക്കുന്നതു നാട്ടുകാർ ഉടമയെ അറിയിച്ചിരുന്നു. ഉടമ ഇത് പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രകാശ് ഓടിരക്ഷപ്പെട്ടു. സമീപത്തെ മതിലുചാടി കടക്കാൻ ശ്രമിക്കവേ കാൽതെറ്റി വീണ് പരിക്കേറ്റ് മരണം സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച പ്രകാശിനെ ആരും കണ്ടിട്ടില്ല. ഇടയ്ക്ക് ഇത്തരത്തിൽ പല സ്ഥലത്തേക്കും പോകാറുള്ളതിനാൽ വീട്ടുകാർപോലും ഗൗരവമായി എടുത്തില്ല.

കട വാടകയ്ക്കു നൽകിയും ഫ്‌ളാറ്റുകളിൽ പാൽവിൽപ്പന നടത്തിയുമാണ് ജീവിച്ചിരുന്നത്. മകൾ: അനാമിക. പരേതനായ കുമരേശന്റെയും അന്നമ്മയുടെയും മകനാണ്. സഹോദരി: കമലാദേവി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മൃതദേഹപരിശോധനയ്ക്കു േശഷം വെള്ളിയാഴ്ച ഉച്ചയോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരം നടക്കും.