കൊല്ലം: കുണ്ടറയിൽ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംയുമായി അഞ്ച് യുവാക്കൾ പിടിയിൽ. കൊല്ലം റൂറൽ പൊലീസ് അടുത്തകാലത്ത് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. പെരിനാട് ചന്ദനത്തോപ്പ് സ്വദേശി വിഷ്ണു വിജയൻ, പ്രഖിൽ, ഉമർ ഫാറൂഖ്, ചാത്തിനംകുളം സ്വദേശി മുഹമ്മദ് സലാഷ്, കുരീപ്പള്ളി സ്വദേശി ഷംനാദ്, എന്നിവരാണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. പിടിയിലായവരെല്ലാം ഇരുപതിനും ഇരുപത്തിമൂന്നിനും ഇടയിൽ പ്രായമുള്ളവരാണ്.

വിപണിയിൽ മൂന്നുലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. തിരുവനന്തപുരം റെയ്ഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിന്റെ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോനയിലാണ് എൽഎംഎസ് ആശുപത്രിക്ക് സമീപമുള്ള കനാൽ റോഡിൽ വച്ച് മയക്കുമരുന്ന് സംഘം പിടിയിലായത്.

കൊല്ലം റൂറൽ എസ്‌പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊലീസിനെ കണ്ട് കാറിൽ അതിവേഗം കുതിച്ച സംഘത്തിനെ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. മയക്കുമരുന്ന് ബെംഗളൂരുവിൽ നിന്ന് കടത്താൻ ഉപയോഗിച്ച മാരുതി കാറും കസ്റ്റഡിയിലെടുത്തു.

ശാസ്താംകോട്ട സബ്ഡിവിഷനിൽ തുടർച്ചയായ രണ്ടാംദിവസമാണ എംഡിഎംഎയുമായി യുവാക്കളെ പിടികൂടുന്നത്. കഴിഞ്ഞദിവസം 7.2 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ ശാസ്താംകോട്ട പൊലീസും മൂന്ന് ഗ്രാം എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത ശൂരനാട് പൊലീസും പിടികൂടിയിരുന്നു. എംഡിഎംഎയുടെ സാന്പത്തിക സ്രോതസ്സും മറ്റ് കണ്ണികളെക്കുറിച്ചും അറിയാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.