കളമശേരി: വടിവാളുമായി ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് യുവാക്കളെ കളമശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കളമശ്ശേരി, പള്ളിലാംകര സ്വദേശികളായ ജോബിൻ ജോയ് (29) പ്രദീപ് (38) എന്നിവരെയാണ് കളമശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇന്നലെ രാത്രി എട്ട് മണിയോടെ കളമശ്ശേരി ചാന്ദിനി ബാറിലെ പാർക്കിങ് ഏരിയയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തിയ ജോബിൻ ജോയും, പ്രദീപും ബാറിലെ പാർക്കിങ് ഏരിയയിൽ വെച്ച് ബഹളം ഉണ്ടാക്കുകയും, സെക്യൂരിറ്റി ജീവനക്കാർക്ക് നേരെ ജോബിൻ ജോയ് വടിവാൾ വീശുകയും ചെയ്തു.

പിന്നീട് അക്രമാസക്തരായി അവിടെ കൂടി നിന്നവരെയും ബാറിലെ സെക്യൂരിറ്റി ജീവനക്കാരെയും മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കളമശ്ശേരി പൊലീസ് സംഘത്തിന് നേരെയും ഇയാൾ വടിവാൾ വീശി. തുടർന്ന് ബലപ്രയോഗത്തിലൂടെ ഇവരെ കീഴ്‌പെടുത്തുകയുമായിരുന്നു.

എച്ച് എം ടി കോളനി നിവാസിയായ ജോബിൻ ജോയ് വൈകുന്നേരം കോളനി ഭാഗത്ത് വെച്ച് വടിവാൾ വീശുകയും പട്ടികജാതിയിൽപ്പെട്ട യുവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.പൊലീസ് സ്ഥലത്തെത്തുന്നതിന് മുൻപ് ഇയാൾ അവിടെ നിന്നും കടന്നുകളഞ്ഞിരുന്നു. ബാറിൽ വെച്ചുണ്ടായ സംഭവത്തെ തുടർന്നാണ് ഇയാൾ അറസ്റ്റിൽ ആകുന്നത്. ആയുധം കൈവശം വെച്ചതിനും പട്ടികജാതി വിഭാഗതിൽപ്പെട്ട യുവതിയെ ആക്രമിച്ചതിനുമായി രണ്ട് കേസുകൾ ഇയാൾക്കെതിരെ കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്തു. കളമശ്ശേരി പൊലീസ്, ഇൻസ്‌പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ കളമശ്ശേരി എസ്‌ഐ ജോസഫ്, എ എസ് സുനിൽകുമാർ , എസ്‌പിപിഒ മാരായ നജീബ്, അജമൽ സിപിഒ വിനീഷ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.