വടക്കാഞ്ചേരി: കാട്ടുകൊമ്പനെ പൊട്ടക്കിണറ്റിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. കൊമ്പുകളിലൊന്നു വെട്ടിയെടുത്തു വിറ്റതിനു ശേഷമാണ് ആനയെ കുഴിച്ചു മൂടിയത്. വാഴക്കോട് സ്വദേശി മണിയൻചിറ റോയിയുടെ റബർ തോട്ടത്തിലാണു കാട്ടാനയുടെ ജഡാവശിഷ്ടം കണ്ടെത്തിയത്. ഏതാനും ദിവസം മുൻപ് എറണാകുളം കോടന്നൂർ പട്ടിമറ്റത്ത് ആനക്കൊമ്പ് വിൽക്കാനുള്ള ശ്രമത്തിനിടെ നാലു പേർ അറസ്റ്റിലായതോടെയാണ് ആനയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വാഴാനി വനത്തിലെ ആനയുടെ കൊമ്പാണിതെന്നു പ്രതികളിൽ ഒരാൾ വനം വകുപ്പിനു മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആനയുടെ മൃതദേഹം കണ്ടെത്തിയത്.

മാംസ ഭാഗങ്ങളെല്ലാം അഴുകി ഇല്ലാതായ ജഡത്തിന് 20 മുതൽ 30 വരെ ദിവസം പഴക്കമുണ്ടെന്നാണു നിഗമനം. ഒരു കൊമ്പ്, മുറിച്ചുമാറ്റിയ കൊമ്പിന്റെ കുറ്റി സഹിതമുള്ള തലയോട്ടി, പല്ലുകൾ, അസ്ഥികൾ എന്നിവ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പുറത്തെടുത്തു. ജഡം കിണറ്റിലിട്ടു മൂടാൻ സഹായിച്ച മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറടക്കം രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. സ്ഥലമുടമ റോയ് രണ്ടാഴ്ച മുൻപു ഗോവയിലേക്കു കടന്നെന്ന സൂചനയുടെ അടിസ്ഥാനത്തിൽ തിരച്ചിൽ വ്യാപിപ്പിച്ചതായി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.ആർ. അനൂപ് പറഞ്ഞു. .

അതേസമയം, ആനയുടെ മുറിച്ചു മാറ്റിയ കൊമ്പ് കോടനാട്ട് വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടു ദിവസം മുൻപു പട്ടിമറ്റത്ത് പിടിയിലായ എറണാകുളം പട്ടിമറ്റം സ്വദേശി താമരച്ചാലിൽ അഖിൽ മോഹനനെ (38) ഇന്നലെ വൈകിട്ട് ആനയെ കുഴിച്ചിട്ട സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.