കൊച്ചി: കേരളാ എക്സ്‌പ്രസ് ട്രെയിനിൽ വിദ്യാർത്ഥിനികൾക്കു നേരെ അതിക്രമം നടത്തിയ യുപി സ്വദേശികളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷദാബ് (34), അഭിഷേക് (27) എന്നിവരാണ് അറസ്റ്റിലായത്. കേരള എക്സ്‌പ്രസിൽ കോട്ടയത്തു നിന്ന് എറണാകുളം നോർത്തിലേക്കു വരികയായിരുന്ന മൂന്ന് ബിരുദ വിദ്യാർത്ഥിനികൾക്കു നേരെയാണ് അതിക്രമം നടന്നത്. വിദ്യാർത്ഥിനികളെ ആക്രമിച്ച ഷദാബ് ഉടൻ മറ്റൊരു ബോഗിയിലേക്കു കടന്നു.

ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ വിദ്യാർത്ഥിനികൾ ഇയാൾക്കൊപ്പമുണ്ടായിരുന്ന അഭിഷേകിനെ തടഞ്ഞുവയ്ക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. ഇതോടെ അഭിഷേക് വിദ്യാർത്ഥിനികളിലൊരാളെ ആക്രമിച്ചു. വിദ്യാർത്ഥിനികളുടെ ബന്ധുക്കളിലൊരാൾ അഭിഷേകിനെ പിടികൂടുകയും റെയിൽവേ പൊലീസിനു കൈമാറുകയും ചെയ്യുകയായിരുന്നു. മറ്റൊരു ബോഗിയിൽ നിന്നു മുഹമ്മദ് ഷദാബിനെയും അറസ്റ്റ് ചെയ്തു.