- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ വിദ്യാർത്ഥികൾക്കടക്കം ലഹരി വിൽപ്പന; കണ്ണൂരിൽ യുവാവിന്റെ പലചരക്കു കട നാട്ടുകാർ അടിച്ചു തകർത്തു
കണ്ണൂർ: സ്‌കൂൾ വിദ്യാർത്ഥികൾക്കടക്കം ലഹരി വിൽപന നടത്തുന്നു എന്നാരോപിച്ച് യുവാവിന്റെ കട നാട്ടുകാർ അടിച്ചു തകർത്തു. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. മഹാദേവ ഗ്രാമത്തിലെ മുരളിയുടെ കടയാണ് ലഹരി വിൽപ്പന നടത്തിയതിനെ തുടർന്ന് നാട്ടുകാർ അടപ്പിച്ചത്. പല തവണ എക്‌സൈസ് ഇവിടെ നിന്ന് ലഹരി പിടിച്ചെടുത്തിരുന്നു. എന്നാൽ പിഴയടച്ച് ഇയാൾ കേസിൽ നിന്നും ഊരിപ്പോരുകയും ആയിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാർ സംഘടിച്ച് പലചരക്കുകട അടിച്ചുതകർത്തത്. കടയിലെ സാധനങ്ങൾ എടുത്ത് പുറത്തിട്ട നാട്ടുകാർ കടയ്ക്ക് താഴിട്ടു. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കടയിൽ ലഹരി വസ്തുക്കൾ വിൽക്കുന്നുവെന്ന് വ്യാപക പരാതിയുണ്ടായിരുന്നു. നഗരസഭയും പൊലീസും എക്‌സൈസും നിരവധി തവണ ഇവിടെ നിന്ന് ലഹരി വസ്തുക്കളും പിടികൂടി.
കട പൂട്ടിക്കാൻ എക്‌സൈസ് നഗരസഭയ്ക്ക് നോട്ടീസും നൽകിയിരുന്നു. പിടികൂടിയപ്പോഴെല്ലാം കുറഞ്ഞ തുക പിഴയടച്ച് കടയുടമ തടിയൂരി. പ്രദേശത്തെ പൊതുപ്രവർത്തകരും കട ഉടമയ്ക്ക് പല തവണ മുന്നറിയിപ്പും നൽകി. എന്നാൽ കഴിഞ്ഞ ദിവസവും എക്‌സൈസ് പരിശോധനയിൽ കടയിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടി. ഇതോടെയാണ് നാട്ടുകാർ സംഘടിച്ചത്. പല കടകളിലും സമാനരീതിയിൽ ലഹരി വിൽപ്പനയുണ്ടെന്നും നിയമത്തിലെ പരിമിതി കാരണം കച്ചവടക്കാർ രക്ഷപ്പെടുകയാണെന്നും നാട്ടുകാർ പറയുന്നു.



