കോഴിക്കോട്: ഏക വ്യക്തി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി ലക്ഷ്യം വയ്ക്കുന്നത് വർഗീയ ധ്രുവീകരണമാണെന്നും അതിനെതിരെ ഒന്നിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഏക വ്യക്തിനിയമത്തിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വൈവിധ്യങ്ങൾക്കാണ് ഭരണഘടന ഊന്നൽ നൽകുന്നത്. അതാണ് സംരക്ഷിക്കപ്പെടേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിക്കണം. വൈവിധ്യം അംഗീകരിച്ച് മുന്നോട്ട് പോകണം. ഏകീകരണം എന്ന പേരിൽ ഭിന്നിപ്പാണ് ബിജെപി ലക്ഷ്യമിടുന്നത്. ഏകീകരണം എന്നാൽ സമത്വമല്ല. വ്യക്തി നിയമങ്ങളിൽ മാറ്റം അടിച്ചേൽപ്പിക്കരുത്. വ്യക്തി നിയമപരിഷ്‌കരണം നടപ്പാക്കേണ്ടത് അതത് മത വിഭാഗങ്ങളിലെ ചർച്ചകളിലൂടെയായിരിക്കണം. ജനാധിപത്യ രീതിയിൽ ചർച്ചയിലൂടെ മാറ്റമുണ്ടാക്കണം.

ലിംഗ സമത്വത്തിന് വ്യക്തി നിയമത്തിൽ മാറ്റം വരുത്തണം. എന്നാൽ അത് അടിച്ചേൽപിക്കരുത്. വർഗീയ ധ്രുവീകണത്തിന് മൂർച്ച കൂട്ടാൻ ഉള്ള ആയുധമാണ് ബിജെപിക്ക് ഏക സിവിൽ കോഡ്. പാർലമെ്‌നറ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കമാണിതെന്ന് വളരെ വ്യക്തമാണ്. ഹിന്ദു - മുസ്ലിം വിഭാഗീയത ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബിജെപി നീക്കമെന്നും യെച്ചൂരി തുറന്നടിച്ചു.

ഏക വ്യക്തി നിയമം തുടർച്ചയായി ഉന്നയിക്കുന്നതിനു പിന്നിൽ ബിജെപിക്ക് പ്രത്യേക അജണ്ടകളുണ്ട്. ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യം മുന്നിൽവച്ചുള്ള നീക്കമാണിത്. ജനാധിപത്യ ഇന്ത്യയുടെ മൂല്യങ്ങളെ അപ്പാടെ തകർക്കുകയാണ് വിശാലലക്ഷ്യം. ലോകത്ത് പല രാജ്യങ്ങളും വ്യത്യസ്തതയും വൈവിധ്യങ്ങളുടെ സൗന്ദര്യവും നിലനിർത്താൻ ശ്രമിക്കുമ്പോഴാണ് ഏകീകരണം എന്ന പേരിൽ പുതിയ ആശയവുമായി കേന്ദ്ര സർക്കാർ വരുന്നത്. ജനാധിപത്യത്തിന്റെ സുരഭിലമായ അന്തരീക്ഷം നിലനിർത്തുന്നതിനു പകരം ഏകീകരണം എന്ന പേരിൽ മറ്റു ചില അജണ്ടകളിലേക്കാണ് സർക്കാർ പോകുന്നത്. രാഷ്ട്രീയ നേട്ടത്തിനായുള്ള ഈ നീക്കങ്ങൾ അപകടകരമാണെന്ന് യെച്ചൂരി മുന്നറിയിപ്പു നൽകി.

ലിംഗസമത്വത്തിന് വ്യക്തിനിയമത്തിൽ മാറ്റം വരണം. എന്നാൽ ആരിലും അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല ഏക വ്യക്തിനിയമം. അതതു വിഭാഗങ്ങളുമായി ചർച്ച നടത്തിയതിനു ശേഷമാകണം പരിഷ്‌കരണം. വർഗീയ ധ്രുവീകരണവും സാമുദായിക ഭിന്നതയുമാണ് ഇതിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്നും യച്ചൂരി പറഞ്ഞു.

ഹിന്ദു മതത്തിൽ മാതാവിന്റെ സഹോദരന്റെ മകനേയൊ മകളെയോ വിവാഹം കഴിക്കുന്ന ആചാരമുണ്ട്. അത് സംരക്ഷിപ്പെടുന്നുമുണ്ട്. സ്വത്തവകാശത്തിൽ വ്യത്യസ്ത ആചാരം വ്യത്യസ്ത മതങ്ങളിൽ ഉണ്ട്. സ്ത്രീകൾക്കും വിധവകൾക്കും സ്വത്തവകാശം നിഷേധിക്കുന്ന ഹിന്ദു മതവിഭാഗങ്ങൾ ഇന്ത്യയിലുണ്ട്. ഇങ്ങനെയുള്ള ഒരു രാജ്യത്ത് എന്ത് ഏകീകരണമാണ് ഉദ്ദേശിക്കുന്നത്.

ഏക സിവിൽകോഡ് സാമുദായിക ധ്രുവീകരണം കൂട്ടും. ഏകീകരണം നടക്കുകയുമില്ല. ഗോത്ര വിഭാഗങ്ങളെ ഏകീകൃത സിവിൽ കോഡിൽനിന്ന് ഒഴിവാക്കണമെന്ന് നാഗാലന്റ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഒഴിവാക്കാം എന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി പറയുന്നു. അങ്ങനെ പലരേയും ഒഴിവാക്കിയതായി കേൾക്കുന്നു. അങ്ങനെയെങ്കിൽ ഈ വിവാദങ്ങൾ ഉയർത്തുന്നത് ആർക്കുവേണ്ടിയാണെന്ന് പറയണം.

21-ാം നിയമ കമ്മീഷൻ ശുപാർശ സർക്കാർ തള്ളിക്കളഞ്ഞു. ഹിന്ദു-മുസ്ലിം വിഭാഗീയത സൃഷ്ടിച്ച് 2024-ലെ തിരഞ്ഞടുപ്പിൽ നേട്ടം ഉണ്ടാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിൽ. പലവിധം അഭ്യാസങ്ങൾ നടത്തിയശേഷം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഏക സിവിൽ കോഡിലാണ്. ലൗ ജിഹാദ് തടയുന്ന നിയമം, ഗോവധ നിരോധന നിയമം തുടങ്ങിയവയെല്ലാം ഇതുപോലെ പ്രത്യേക അജണ്ട മുന്നിൽക്കണ്ട് കൊണ്ടുവന്നതാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഈ സാമുദായിക ധ്രുവീകരണം ഇന്ത്യ എന്ന സങ്കൽപത്തെ ഇല്ലാതാക്കും. ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം വെച്ചുള്ളതാണ് ഈ പോക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.