- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ പോളിടെക്നിക്കുകൾ നവീകരിക്കും: മന്ത്രി ആർ.ബിന്ദു
ആലക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് തുടങ്ങി അതിനൂതന ആശയങ്ങളുമായി സാങ്കേതിക വിദ്യ കുതിച്ചുയരുന്ന കാലത്ത് പോളിടെക്‌നിക്കുകളെ നവീകരിക്കാനുള്ള പദ്ധതികൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ധീരമായി ഏറ്റെടുക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ജില്ലയിലെ മലയോര മേഖലയിൽ ആരംഭിച്ച ആദ്യത്തെ സർക്കാർ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ നടുവിൽ ഗവ. പോളിടെക്‌നിനിക് കോളേജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യുവ മസ്തിഷ്‌കങ്ങളിൽ രൂപം കൊള്ളുന്ന പുത്തൻ ആശയങ്ങൾക്ക് ചിറകുകൾ നൽകി വൈജ്ഞാനിക ആകാശത്തേക്ക് പറത്തി വിടാനുതകുന്ന ഭൗതിക, അക്കാദമിക സാഹചര്യങ്ങൾ ഒരുക്കണമെന്ന ആഗ്രഹമാണ് സർക്കാറിനെ നയിക്കുന്നത്. അതിനായി മികച്ച വർക്ക്‌ഷോപ്പുകളും ലാബുകളും പോളിടെക്‌നിക്കുകൾക്ക് നൽകി വരികയാണ്. നൂതനമായ ആശയങ്ങൾ മുന്നോട്ട് വെക്കുന്ന വിദ്യാർത്ഥികൾക്ക് യങ് ഇന്നവേറ്റർ പ്രോഗ്രാം എന്ന പേരിൽ അഞ്ച് ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെ നൽകുന്ന പദ്ധതികൾ സംസ്ഥാനത്തുണ്ടെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യസ മേഖലയിൽ അവികസിതമായ സ്ഥിതി നിലനിൽക്കുന്ന പ്രദേശങ്ങളായ കണ്ണൂർ, കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകളിൽ ഉന്നത വിദ്യാഭ്യാസ കാര്യത്തിൽ പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു.
അഡ്വ. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. നടുവിൽ പോളിടെക്‌നിക്ക് സാക്ഷ്തകരിക്കുന്നതിൽ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുടെ സഹായം വളരെ വലുതാണെന്നും കക്ഷിരാഷ്ട്രീയമെന്യേ എല്ലാവരും ഇക്കാര്യത്തിൽ ഒത്ത് ചേർന്നുവെന്നും എം എൽ എ പറഞ്ഞു. പോളിടെക്‌നിക് കോളേജിന് സ്ഥലം വിട്ടുനൽകിയ ടി പി ഭാർഗവി അമ്മയെ ചടങ്ങിൽ ആദരിച്ചു.




