കണ്ണൂർ: ചെറുകുന്നിലെ വീട്ടിൽ പുുലർച്ചെ കയറി അതിക്രമം നടത്തിയയാളെ കണ്ണപുരം പൊലിസ് പിടികൂടി. പാപ്പിനിശേരിയിലെ സൈദാരകത്ത് മുസ്തഫയെയാ(49)ണ് എസ്. ഐ സി. ജെ സാംസന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ചെറുകുന്ന് പൂങ്കാവിലെ ലക്ഷം വീട് കോളനിക്ക് സമീപത്തെ പള്ളിവളപ്പിൽ അബ്ദു സലാമിന്റെ വീട്ടിൽ കഴിഞ്ഞ ചൊവ്വാഴ്‌ച്ച പുലർച്ചെ രണ്ടു മണിയോടെയാണ് അതിക്രമം നടത്തിയത്.

ശബ്ദം കേട്ടു വീട്ടുകാർ എഴുന്നേറ്റു ചെന്നു നോക്കിയപ്പോഴാണ് അതിക്രമം നടന്നതായി മനസിലായത്. അടുക്കള ഭാഗത്തെ പൈപ്പ് തകർക്കുകയും അടുപ്പിൽ വെള്ളം ഒഴിക്കുകയും ചെയ്തു. പാത്രങ്ങളും സാമഗ്രികളും വലിച്ചെറിയുകയും വാഷിങ് മെഷീന്റെ വയർ നശിപ്പിച്ചു മറിച്ചിടുകയും പറമ്പിലെ വാഴ ഉൾപ്പെടെ വെട്ടിനശിപ്പിക്കുകയും ചെയ്തു.

പിന്നീട് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് അതിക്രമം നടത്തിയത് മുസ്തഫയാണെന്ന് വ്യക്തമായത്. സാമ്പത്തിക തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പൊലിസ് പറയുന്നത്. എ. എസ്. ഐ അനിൽ, സി.പി.ഒ മാരായ എം.വി വിനോദ്, കെ.ഷിദ് എന്നിവരും മുസ്തഫയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കണ്ണപുരം പൊലിസ് സ്റ്റേഷൻ പരിധിയിലെ യുവതിയുടെ വാട്സ് ആപ്പിലേക്ക് മുസ്തഫ നഗ്ന ദൃശ്യം അയച്ചു കൊടുത്തതായി പരാതിയുണ്ടായിരുന്നു. അന്ന് യുവതിയടെ ഭർത്താവ് ഉൾപ്പെടെയുള്ളവർ ചേർന്നാണ് മുസ്തഫയെ പിടികൂടിയത്.