മാവേലിക്കര: ഇന്നലെ മാവേലിക്കരയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് ഓട്ടോ ഡ്രൈവറും സ്‌കൂട്ടർ യാത്രികയായ യുവതിയും. നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോറിക്ഷയിലേക്ക് പിന്നാലെയെത്തിയ സ്‌കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. ഓട്ടോഡ്രൈവർ ചെന്നിത്തല ഒരിപ്രം കുറ്റിയിൽ കിഴക്കേതിൽ ബി.ഹരീന്ദ്രൻ (ഹരി49), സ്‌കൂട്ടർ ഓടിച്ചിരുന്ന കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് പാലാഴി വീട്ടിൽ ആതിര അജയൻ (23) എന്നിവരാണു മരിച്ചത്.

മാവേലിക്കര ഭാഗത്തേക്കു വരികയായിരുന്ന ഹരീന്ദ്രന്റെ ഓട്ടോറിക്ഷ പാലത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞു. പിന്നാലെയെത്തിയ ആതിരയുടെ സ്‌കൂട്ടർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഓടിയെത്തിയ സമീപവാസികളാണ് ഓട്ടോറിക്ഷ ഉയർത്തി ഇരുവരെയും പുറത്തെടുത്തത്. തലയ്ക്കു പരുക്കേറ്റ ഹരീന്ദ്രൻ അപകടസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ആതിര ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ശേഷമാണു മരിച്ചത്. ഹരീന്ദ്രന്റെ ഭാര്യ: ശ്രീകല. മകൻ: ഹരികൃഷ്ണൻ.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നേകാലോടെ പ്രായിക്കര പാലത്തിലാണ് അപകടം. കുട്ടംപേരൂർ സഹകരണ സംഘത്തിലെ താൽക്കാലിക ജീവനക്കാരിയാണ് ആതിര. വിമുക്തഭടൻ അജയകുമാറിന്റെയും പ്രീതയുടെയും ഏകമകളാണ്. എംബിഎ പഠനത്തിനു പോകാൻ തയ്യാറെടുക്കവേയാണു ദുരന്തം.